കേരളത്തിൽ സ്ത്രീ കൊലപാതകികൾ കൂടുന്നോ? കണക്കുകൾ പറയുന്നത് അതേയെന്ന്; കഴിഞ്ഞ വർഷം മാത്രം സ്ത്രീകൾ നടത്തിയത് 61 കൊലകൾ
കോഴിക്കോട്: കേരളത്തിൽ സ്ത്രീ കൊലപാതകികൾ വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം 61 സ്ത്രീകളെയാണ് കൊലപാതകക്കേസുകളിൽ അറസ്റ്റ്‌ചെയ്തത്. അതേസമയം, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ള മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹീനമായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവാണ്.
കൊലപാതക കേസുകളിൽ മുൻ വർഷങ്ങളിലെ ഔദ്യോഗിക കണക്കുകളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം രണ്ട് ശതമാനം ആയിരുന്നു. പുതിയ കണക്കുകൾ പ്രകാരം ഇത് എട്ട് ശതമാനമായി വർധിച്ചു. കഴിഞ്ഞ വർഷം മാത്രം 26 വധശ്രമ കേസുകളിൽ സ്ത്രീകൾക്ക് എതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കൂടത്തായി കൊലപാതകങ്ങളും ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്ന പാറശാല ഷാരോൺ കൊലക്കേസും ഇലന്തൂരിലെ നരബലിയുമൊക്കെ സംസ്ഥാനത്തെ നിയമപാലകരെ പോലും അതിശയിപ്പിക്കുന്നതായി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു. സമൂഹമാധ്യമങ്ങൾക്ക് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നതിൽ പങ്കുണ്ടെന്ന് ഡി.ജി.പി ടോമിൻ തച്ചങ്കരി അഭിപ്രായപ്പെട്ടു. കുറ്റകൃത്യം ചെയ്യാനുള്ള ആത്മവിശ്വാസം നേടിയെടുക്കാൻ സമൂഹ മാധ്യമങ്ങൾ പല രീതിയിൽ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തച്ചങ്കരി പറഞ്ഞു.
അതേസമയം, സ്ത്രീകൾ പ്രതിസ്ഥാനത്തുള്ള കുറ്റകൃത്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ടെന്ന് വി.എ.സി.ബി ഡയറക്ടറും ഐ.പി.എസുകാരനുമായ മനോജ് എബ്രഹാം പറഞ്ഞു.
women-role-in-murder-cases-goes-up-in-kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."