കള്ളക്കടല്‍ പ്രതിഭാസം: തിരുവനന്തപുരത്ത് കടല്‍ റോഡിലേക്ക് കയറി
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമാകുന്നു. തിരുവനന്തപുരം, അഞ്ചുതെങ്ങ്, വിഴിഞ്ഞം, പൂന്തുറ തീരങ്ങളില്‍ തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. തീരത്ത് ഓറഞ്ച് അലര്‍ട്ട് തുടരുകയാണ്. പൂന്തുറയില്‍ കടല്‍ റോഡിലേക്ക് കയറി. തീര ദേശ റോഡിലൂടെയുള്ള ഗതാഗത് പൊലിസ് നിയന്ത്രിച്ചിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചയോടെയാണ് കള്ളക്കടല്‍ പ്രതിഭാസം കേരളത്തിലെ പല തീരങ്ങളിലും ഉണ്ടായിത്തുടങ്ങിയത്. വരും സമയങ്ങളില്‍ ശക്തമായ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന വള്ളങ്ങള്‍ തീരത്ത് നിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികള്‍. ജില്ലയിലെ പലഭാഗങ്ങളിലും കണ്ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
മുതലപ്പൊഴിയിലും അഞ്ചുതെങ്ങിലും തിരമാല ശക്തമായതോടെ വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇന്നലെ രാത്രി തന്നെ പല വീടുകളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. പല വീട്ടിലെയും കട്ടിലുകളും ഇലക്ട്രോണിക് ഉപകരണങ്ങളും വെള്ളത്തില്‍ മുങ്ങി. നേരത്തെ ശക്തമായ തിരമാല ഉണ്ടാകുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിച്ചതിനാല്‍ വലിയ അപകടം ഒഴിവായിട്ടുണ്ട്.
കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളിലും കള്ളക്കടല്‍ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറിയാട് പഞ്ചായത്തിലെ ചന്തക്കടപ്പുറം, എടവിലങ്ങ് പഞ്ചായത്തിലെ കാര അറപ്പക്കടവ്, പുതിയ റോഡ്, പെരിഞ്ഞനം സമിതി ബീച്ച് എന്നിവിടങ്ങളിലാണ് കടല്‍ കരയിലേക്ക് കയറിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് കള്ളക്കടല്‍ പ്രകടമായിത്തുടങ്ങിയത്. മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു.
എറണാകുളം ജില്ലയിലും ആലപ്പുഴ ജില്ലയിലും കള്ളക്കടല്‍ പ്രതിഭാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."