ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ താരിഫ് നിരക്ക് കുത്തനെ കൂട്ടി വി.ഐ
ന്യൂഡൽഹി: റിലയൻസ് ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ താരിഫ് നിരക്കുകൾ ഉയർത്തി വി.ഐ (വോഡഫോൺ ഐഡിയ). 11 മുതൽ 24 ശതമാനം വരെയാണ് വർധനയെന്ന് കമ്പനി അറിയിച്ചു. പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർക്കും വർധന വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് ജൂലൈ നാലിനു നിലവിൽ വരും.
179 രൂപയുള്ള 28 ദിവസ വാലിഡിറ്റിയുള്ള ബേസ് പ്ലാൻ ലഭിക്കാൻ ഇനി 199 രൂപ നൽകേണ്ടിവരും. പ്രതിദിനം 1.5 ജിബി ഡാറ്റ നൽകുന്ന, 84 ദിവസത്തെ പ്ലാനിന് 859 രൂപയാണ് പുതിയ നിരക്ക്. നിലവിൽ ഇത് 719 ആണ്. വാർഷിക അൺലിമിറ്റഡ് പ്ലാൻ 21 ശതമാനം ഉയർത്തി 2899ൽനിന്ന് 3499 ആക്കി.
അടുത്ത ഏതാനും പാദങ്ങളിൽ 5ജി സർവീസിനായി വലിയ തോതിൽ മുതൽമുടക്കുമെന്ന് വിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, രാജ്യത്തെ പ്രമുഖ രണ്ടാമത്തെ ടെലികോം കമ്പനിയായ എയർടെൽ 10 മുതൽ 21 ശതമാനം വരെയാണ് താരിഫ് നിരക്ക് കൂട്ടിയത്. റിലയൻസിന് സമാനമായി ജൂലൈ മൂന്നിന് എയർടെലിന്റെ പുതുക്കിയ താരിഫ് നിരക്കും നിലവിൽ വരും. പത്താമത്തെ സ്‌പെക്ട്രം ലേലത്തിന് തൊട്ടുപിന്നാലെയാണ് മൊബൈൽ ഓപ്പറേറ്റർമാരിൽ നിന്നുള്ള മൊബൈൽ താരിഫ് വർധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."