പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർക്ക് ഇന്ന് കൂടി പ്രവേശനം നേടാം; മലബാറിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നു
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഇടംനേടിയവർക്ക് പ്രവേശനം നേടാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് നാലിനകം വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് രക്ഷിതാവിനൊപ്പം ടി.സിയുടെയും സ്വഭാവ സർട്ടിഫിക്കറ്റിന്റെയും ഒറിജിനലുമായാണ് വിദ്യാർഥികൾ ഹാജരാകേണ്ടത്.
അലോട്ട്‌മെന്റ് വിവരങ്ങള്‍ (https://hscap.kerala.gov.in/) ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ വെബ്‌സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ രക്ഷകര്‍ത്താവിനോടൊപ്പം 2024 മേയ് 13 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം ഹാജരാകണം.
അതേസമയം, ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് വന്നിട്ടും മലപ്പുറത്ത് പ്ലസ് വണ്‍ ലഭിക്കാനാവാതെ പതിനായിരത്തോളം കുട്ടികള്‍ പുറത്തുനിൽക്കുകയാണ്. സപ്ലിമെന്ററി അലോട്ടമെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അപേക്ഷിച്ച 16,881 പേരില്‍ പ്രവേശനം ലഭിച്ചത് 6999 വിദ്യാര്‍ഥികള്‍ മാത്രമാണ് പ്രവേശനത്തിന് അര്‍ഹത നേടിയത്. മലബാറിലെ മറ്റു ജില്ലകളിലും സ്ഥിതി മറിച്ചല്ല. പാലക്കാട് 8139 അപേക്ഷകരില്‍ 2643 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. 5490 കുട്ടികള്‍ ജില്ലയില്‍ ഇപ്പോഴും പുറത്താണ്. കോഴിക്കോട് അപേക്ഷിച്ച 7192 പേരില്‍ 3342 പേര്‍ക്കാണ് ഇപ്പോള്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ളത്.
ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റോടുകൂടി മലബാറിലെ സീറ്റ് പ്രതിസന്ധി ഏറെക്കുറെ പരിഹരിക്കപ്പെടും എന്നാണ് ഇത്രയും നാള്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ അലോട്ട്‌മെന്റ് വന്നപ്പോള്‍ കണക്ക് പ്രകാരം മലപ്പുറത്ത് മാത്രം 9880 കുട്ടികള്‍ക്ക് ഇനിയും പ്രവേശനം ലഭിക്കാനുണ്ട്. വെറും 89 മെറിറ്റ് സീറ്റുകള്‍ മാത്രമാണ് ജില്ലയില്‍ ബാക്കിയുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."