തിരുപ്രഭ ക്വിസ്, 18 - ഹബിബുല്ലാഹ് (സ)
അബ്ദുല്ലാഹിബിനു അബ്ബാസ്(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു ഹദീസിൽ അദ്ദേഹം പറയുന്നു: ചില സ്വഹാബിമാർ നബിയുടെ വരവ് പ്രതീക്ഷിച്ചിരിക്കെ സംസാരത്തിലേർപ്പെട്ടു. തദവസരം, പ്രവാചകൻ അവരുടെ അടുത്തേക്ക് വന്നു സംസാരം ശ്രവിച്ചു. ഒരാൾ പറഞ്ഞു, 'അത്ഭുതം, അല്ലാഹു അവന്റെ സൃഷ്ടികളിൽ നിന്ന് ചിലരെ ഖലീൽ (ആത്മമിത്രം) ആക്കിയിരിക്കുന്നു'. വേറൊരാൾ പറഞ്ഞു, 'അതിലെന്താ അത്ഭുതം? മൂസാ നബി(അ)യോട് അല്ലാഹു സംസാരിച്ചല്ലോ?'. അപ്പോൾ മറ്റൊരാൾ പറഞ്ഞു, 'ഈസാ (അ) അല്ലാഹുവിന്റെ വചനവും (കലിമത്ത്) റൂഹുമല്ലേ?' ഇതു കേട്ട മറ്റൊരാൾ പറഞ്ഞു, 'ആദം(അ)നെ അല്ലാഹു തെരഞ്ഞെടുത്തു'.
ഇതെല്ലാം കേട്ട് പ്രവാചകൻ അവരോട് സലാം ചൊല്ലി പറഞ്ഞു: 'ഞാൻ നിങ്ങളുടെ സംസാരവും അതിശയോക്തിയുമെല്ലാം കേട്ടു. അല്ലാഹു ഇബ്രാഹിം നബി(അ)യെ ഖലീലാക്കിയെന്നതും, മൂസാ നബി(അ)യോട് സംസാരിച്ചതും ഈസാ നബി (അ) അല്ലാഹുവിന്റെ റൂഹാണെന്നതും ആദം നബി(അ)യെ അല്ലാഹു തെരഞ്ഞെടുത്തു എന്നുള്ളതും എല്ലാം ശരി തന്നെ. അറിയുക, ഞാൻ അല്ലാഹുവിന്റെ ഹബീബാകുന്നു.
അഭിമാനം പറയുകയല്ല, അവസാന നാളിൽ ലിവാഉൽ ഹംദിന്റെ വാഹകനും ആദ്യമായി ശുപാർശ ചെയ്യുന്നവനും ശുപാർശ സ്വീകരിക്കപ്പെടുന്നവനും ഞാൻ തന്നെയാകുന്നു. അഭിമാനം പറയുകയല്ല, സ്വർഗത്തിന്റെ വളയം ആദ്യമായി ചലിപ്പിക്കുന്നത് ഞാനാണ്. അപ്പോൾ അല്ലാഹു എനിക്ക് സ്വർഗം തുറന്നു തരും. എന്റെ കൂടെ മുസ്‍ലിംകളിലെ ദരിദ്രന്മാരുണ്ടാകും. മുൻഗാമികളിലും പിൻഗാമികളിലും ഏറ്റവും മഹത്വമുള്ളവൻ ഞാനാകുന്നു. അഭിമാനം പറയുകയല്ല.'
ഈ വചനത്തിൽ നിന്ന് അല്ലാഹു നബിയെ ഹബീബായി തെരഞ്ഞെടുത്തതും ആ മഹബ്ബത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ സ്ഥാനമാനങ്ങളും നമുക്ക് വ്യക്തമായി മനസ്സിലാക്കാം.
സ്നേഹം (മഹബ്ബത്ത്) ഒരു വസ്തുവിലേക്കുള്ള മനസ്സിന്റെ ആകർഷണമാണ്. എന്നാൽ, ഈ വിവക്ഷ അല്ലാഹുവിന്റെ മഹബ്ബത്തിനെ സംബന്ധിച്ച് പറയാവതല്ല. അല്ലാഹുവിന്റെ മഹബ്ബത്ത് എന്നാൽ, അല്ലാഹു തന്റെ അടിമയെ തൗഫീഖ് കൊണ്ട് പ്രത്യേകം അനുഗ്രഹിച്ച് അവന്റെയടുക്കൽ പ്രത്യേകം സ്ഥാനം നൽകലാണ്. ഈ മഹബ്ബത്ത് മറ്റു പ്രവാചകന്മാർക്കും നൽകിയിട്ടുണ്ട്. എന്നാൽ, പ്രവാചകനോടുള്ളത് അതിന്റെ ഏറ്റവും ഉയർന്ന നിലയിലുള്ളതാണ്. 'സ്വഭാവത്തിലും സൃഷ്ടിപ്പിലും എല്ലാ നബിമാരുടെയും മേലെയാണ് പ്രവാചകന്റെ സ്ഥാനം. വിജ്ഞാനത്തിലും ബഹുമാനത്തിലും അവർ പ്രവാചകന്റെ അടുത്തു പോലും വരില്ല' എന്ന ഇമാം ബൂസ്വീരി (റ) ന്റെ വരികൾ എത്രയോ അർഥവത്താണ്.
അടിമകളിൽ നിന്ന് ചില വിഭാഗത്തോടും അല്ലാഹു സ്നേഹം വാഗ്ദാനം ചെയ്തതായി കാണാം. 'അണിയായി നിന്ന് അല്ലാഹുവിന്റെ മാർഗത്തിൽ ധർമസമരം ചെയ്യുന്നവരെ നിശ്ചയം അല്ലാഹു ഇഷ്ടപ്പെടുന്നു.' (സ്വഫ്ഫ്: 4); 'നിശ്ചയം, അല്ലാഹു പശ്ചാത്തപിക്കുന്നവരെയും ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു' (അൽബഖറ: 222) എന്നീ ഖുർആൻ വചനങ്ങളും 'അല്ലാഹുവിന്റെ ദാസൻ ഐച്ഛിക പുണ്യകർമങ്ങൾ കൊണ്ട് അവനിലേക്ക് അടുത്തു കൊണ്ടിരിക്കും, അല്ലാഹു അവനെ ഇഷ്ടപ്പെടുന്നത് വരെ' എന്ന ഖുദുസിയായ ഹദീസും പ്രസിദ്ധമാണല്ലോ.
'നബിയേ പറയുക, നിങ്ങൾ അല്ലാഹുവിനെ പ്രിയം വെക്കുന്നുവെങ്കിൽ എന്നെ അനുധാവനം ചെയ്യുക. എങ്കിൽ, അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങൾക്ക് പാപമോചനം നൽകുകയും ചെയ്യും' (ആലുഇംറാൻ: 31). ഈ സൂക്തത്തിൽ നിന്ന് അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാം. അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ലക്ഷണം പ്രവാചകനോടുള്ള സ്നേഹവും പ്രവാചകനോടുള്ള സ്നേഹത്തിന്റെ ലക്ഷണം അവിടുത്തെ ചര്യയോടുള്ള സ്നേഹവും അതിന്റെ ലക്ഷണം പരലോകത്തോടുള്ള സ്നേഹവും അതിന്റെ ലക്ഷണം ദുനിയാവിനോടുള്ള അനിഷ്ടവും അതിന്റെ ലക്ഷണം പരലോകം പ്രാപിക്കാൻ പ്രാപ്തമല്ലാത്ത വിഭവങ്ങളൊന്നും ഈ ലോകത്ത് നിന്ന് സംഭരിക്കാതിരിക്കലുമാണ് എന്ന് അല്ലാമ സഹ്ൽ ബിൻ അബ്ദില്ലാഹിത്തുസ്തരി (റ) പറഞ്ഞിട്ടുണ്ട്.
'ഇലാഹീ സ്നേഹത്തിന്റെ പ്രവിശാല ലോകത്ത് ഏവരെക്കാളും അല്ലാഹു നൽകിയ വലിയ പരിഗണനയാണ് ഹബീബുല്ലാഹ് എന്ന നാമം. രഹസ്യത്തിലും പരസ്യത്തിലും തന്റെ ഇഷ്ടത്തേക്കാൾ അല്ലാഹുവിന്റെ ഇഷ്ടത്തിന് സ്വീകാര്യത നൽകുക, ഏതവസ്ഥയിലും ദേഹേഛകളെ പിൻപറ്റാതിരിക്കുക, അല്ലാഹുവിന്റെ സ്മരണ അധികരിപ്പിക്കുക, അല്ലാഹു ഒഴികെ തനിക്കു നഷ്ടപ്പെടുന്നതിലൊന്നിലും ദുഃഖിക്കാതിരിക്കുക, അവനെ അനുസരിക്കുന്നത് ഭാരമായി തോന്നാതിരിക്കുക, അവന്റെ അടിമകളോട് കാരുണ്യമുള്ളവനായിരിക്കുക എന്നതെല്ലാം അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ലക്ഷണങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."