ഛഠ് പൂജ സ്‌നാനം; ഭക്തര്‍ക്ക് മലിനമായ യമുനയും, മോദിക്ക് പ്രത്യേക കുളവും; വാര്‍ത്തയായി ഡല്‍ഹിയിലെ 'വ്യാജ യമുന'
ന്യൂഡല്‍ഹി: ഛഠ് പൂജയുമായി ബന്ധപ്പെട്ട യമുന സ്‌നാനത്തിന് പ്രധാനമന്ത്രിക്ക് പ്രത്യേക കുളം നിര്‍മ്മിച്ച സംഭവം വിവാദത്തില്‍. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യമുന നദിയില്‍ സ്‌നാനം നടത്താനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി 'വ്യാജ യമുന' നിര്‍മിച്ചെന്നാണ് ആംആദ്മി ആരോപിക്കുന്നത്.
മോദിയുടെ സ്‌നാനത്തിനായി യമുനയോട് ചേര്‍ന്ന് പ്രത്യേക കുളം നിര്‍മ്മിച്ചെന്നും, ശുദ്ധീകരിച്ച ജലം പുറത്ത് നിന്ന് കൊണ്ടുവന്ന് നിറച്ചെന്നുമാണ് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. നദിയോട് ചേര്‍ന്ന് പുതിയ പടികെട്ടുകള്‍ സഹിതമാണ് കുളം നിര്‍മ്മിച്ചത്. മാലിന്യ പ്രശ്‌നം മൂലം ഉപയോഗശൂന്യമായ യമുനയോട് ചേര്‍ന്നാണ് പുതിയ ജലാശയവും ഒരുക്കിയിട്ടുള്ളത്. ഇവിടേക്ക് വസീറാബാദിലെ ജലശുദ്ധീകരണ പ്ലാന്റില്‍ നിന്നും ശുചീകരിച്ച വെള്ളമെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. യഥാര്‍ഥ നദിയിലെ വെള്ളം കലരാതിരിക്കാന്‍ പ്രത്യേക മതില്‍കെട്ടുകളും നിര്‍മിച്ചിട്ടുണ്ട്.
ഛഠ് പൂജക്കെത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികള്‍ മലിനീകരിക്കപ്പെട്ട യമുനയില്‍ മുങ്ങി കുളിക്കുമ്പോള്‍, പ്രധാനമന്ത്രി പ്രത്യേകം തയ്യാറാക്കിയ കുളത്തില്‍ മുങ്ങി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും സൗരഭ് ഭരദ്വാജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പിന്നാലെ നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ യമുനയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തി.
ഛഠ് പൂജയും തെരഞ്ഞെടുപ്പ് സ്റ്റണ്ടും
രാജ്യത്തെ തന്നെ ഏറ്റവും മലിനമായ നദികളിലൊന്നാണ് യമുന. കഴിഞ്ഞ നാലുവര്‍ഷമായി മലിനീകരണത്തെ തുടര്‍ന്ന് യമുന നദിയില്‍ ഛഠ് പൂജയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പൂര്‍വാഞ്ചലിലേതുള്‍പ്പെടെ വിശ്വാസികള്‍ക്കായി നദി വിട്ടുനല്‍കി. പൂജയുടെ ഭാഗമായി നദീ സ്‌നാനം ചെയ്യാന്‍ മോദിയെത്തുന്നത് ബിഹാറിലെ വോട്ട് ലക്ഷ്യം വെച്ചാണെന്ന് ആരോപണം ഉയരുന്നുണ്ട്.
വായുമലിനീകരണം കഴിഞ്ഞാല്‍ ശൈത്യകാലത്ത് ഡല്‍ഹി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് യമുനയിലെ മലിനീകരണം. ഛഠ് പുജ നടക്കാനിരിക്കെ നദിയില്‍ വിഷപാത ഉയരുകയാണ്. യമുന ശുദ്ധീകരിച്ചെന്ന് ബിജെപി നേരത്തെ അവകാശവാദമുന്നിയിച്ചിരുന്നു. എന്നാല്‍ ഇത് നിഷേധിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ഇത് മറികടക്കാന്‍ സകല അടവുകളും പയറ്റുകയാണ് ബിജെപി. രാസവസ്തു തളിച്ച് വിഷപത നശിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞു. ഛഠ് പൂജയ്ക്ക് ഭക്തര്‍ മുങ്ങാന്‍ എത്തുന്ന 17 ഇടങ്ങളിലും ഇങ്ങനെ പത നശിപ്പിക്കാന്‍ ബോട്ടുകള്‍ ദില്ലി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷത്തോളം പേരാണ് ഛഠ് പൂജയ്ക്കായി ഡല്‍ഹിയിലെത്തിയത്.
special filtered pond for modis chhath yamuna dip controvercy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."