മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി, ഭാരത് ജോഡോയിൽ രാഹുൽ ഗാന്ധിയോടൊപ്പം യാത്ര; എടത്തല ഡിവിഷനിൽ നിന്ന് ജനവിധി തേടാൻ ഒരുങ്ങി മിവ
കൊച്ചി: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മിവ ജോളി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്തല ഡിവിഷനിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർഥിയായി മിവ ജനവിധി തേടുന്നത്. കെഎസ്‌യുവിന്റെ യുവ മുഖങ്ങളിൽ ജനകീയ താരമാണ് മിവ.
2023-ൽ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് മിവയെ പൊലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സ്ത്രീ പ്രവർത്തകയായ മിവയെ പുരുഷന്മാരായ പൊലിസ് ഉദ്യോഗസ്ഥർ കോളറിൽ പിടിച്ച് പൊക്കിയെടുത്ത് വലിച്ചിഴച്ചത് അന്ന് ഏറെ ചർച്ചാ വിഷയമായിരുന്നു. ഈ സമയത്ത് കെഎസ്‌യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു മിവ.
അതേസമയം ഭാരത് ജോഡോ യാത്രക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് ഓടിയെത്തുകയും അദ്ദേഹത്തോടൊപ്പം യാത്രയിൽ പങ്കാളിയാവുകയും ചെയ്ത മിവയുടെ ചിത്രവും വൈറലായിരുന്നു. രാഹുൽ ഗാന്ധിയാണ് തന്റെ റോൾ മോഡലെന്ന് മിവ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ ചിത്രം പിന്നീട് അനേക വ്യാജപ്രചാരണങ്ങൾക്കും ഉപയോഗിക്കപ്പെട്ടു. പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ വിദ്യാർഥിനി അമൂല്യ ലിയോണയാണ് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്നതെന്ന പേരിൽ ഉത്തരേന്ത്യയിലെ ബിജെപി നേതാക്കൾ പോസ്റ്റുകൾ പങ്കുവെച്ചത് വിവാദമായിരുന്നു.
കളമശ്ശേരി പോളിടെക്‌നിക്കിൽ പ്ലസ് ടു പഠനത്തിന് ശേഷം ലാറ്ററൽ എൻട്രി വഴി കെഎംഇഎ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി ടെക് ബിരുദം നേടിയ മിവ കാലടി ശങ്കരാചാര്യ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സ്വന്തമാക്കി.
എടത്തല പഞ്ചായത്തിലെ കൈലാസ് നഗർ 13-ാം വാർഡിൽ നിന്നും യുവനേതാവായ മുഹമ്മദ് റാഫിയും (റാഫി വെള്ളാഞ്ഞി) ജനവിധി തേടുന്നുണ്ട്. എടത്തല അൽ അമീൻ കോളേജിൽ റാഫി നേതൃത്വം നൽകിയ കെഎസ്‌യുവിന്റെ വിജയം ഈ വാർഡിലും ആവർത്തിക്കാൻ കഴിയുമെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ സിപിഐഎമ്മിനായിരുന്നു എടത്തല പഞ്ചായത്തിലെ ഭരണം. യുവ സ്ഥാനാർഥികളെ മുൻനിർത്തി ഇക്കുറി ഭരണം പിടിച്ചെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് മുന്നണി.
miva jolly, the ksu (kerala students union) state general secretary and a prominent youth leader, is contesting the local body elections as the udf (united democratic front) candidate for the edathala division of vazhakulam block panchayat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."