ആസ്മ മരുന്നിന്റെ വ്യാജൻ വ്യാപകം; രണ്ടര ലക്ഷം രൂപയുടെ മരുന്ന് പിടികൂടി, രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി
തൃശ്ശൂർ: ആസ്മ രോഗികൾ ഇൻഹേലറിൽ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നിന്റെ വൻതോതിലുള്ള വ്യാജവിൽപ്പന കേരളത്തിൽ പിടികൂടി. ഡ്രഗ്‌സ് കൺട്രോൾ വിഭാഗം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ടുലക്ഷത്തിലധികം രൂപ വിലവരുന്ന വ്യാജമരുന്നുകളാണ് പിടിച്ചെടുത്തത്. മരുന്ന് സ്റ്റോക്ക് ചെയ്‌തിരുന്ന രണ്ട് സ്ഥാപനങ്ങളുടെ ഡ്രഗ് ലൈസൻസ് അധികൃതർ റദ്ദാക്കി.
പിടികൂടിയത് സിപ്ലയുടെ വ്യാജൻ
പിടികൂടിയത് പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ സിപ്ല ലിമിറ്റഡിന്റെ 'സെറോഫ്ളോ റൊട്ടോക്യാപ്‌സ് 250 ഇൻഹെയ്‌ലറി'ന്റെ വ്യാജ പതിപ്പാണ്.അന്യസംസ്ഥാനങ്ങളിലെ വ്യാജമരുന്ന് ശൃംഖലയിൽ നിന്ന് നേരിട്ട് വാങ്ങിയ മരുന്നാണിതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇവ സിപ്ല കമ്പനി ഉത്പാദിപ്പിച്ചവയല്ല.വ്യാജ മരുന്നുകൾ സ്റ്റോക്ക് ചെയ്തതിന്റെ ബില്ലുകളും മറ്റു രേഖകളും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു.
ലൈസൻസ് റദ്ദാക്കിയ സ്ഥാപനങ്ങൾ
വ്യാജമരുന്ന് വിൽപനയ്‌ക്കായി സ്റ്റോക്ക് ചെയ്ത രണ്ട് സ്ഥാപനങ്ങൾക്കെതിരെയാണ് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്ത് ലൈസൻസ് റദ്ദാക്കിയത് ആശ്വാസ് ഫാർമ,ബാലരാമപുരം, തിരുവനന്തപുരം,മെഡ് വേൾഡ് ഫാർമ, പൂങ്കുന്നം, തൃശ്ശൂർ.
സംസ്ഥാനത്ത് ഒരേ ബ്രാൻഡിന്റെ ഇത്രയധികം വ്യാജമരുന്ന് ഒരേസമയം പിടികൂടുന്നത് ആദ്യമായാണ്. മരുന്നിന്റെ ഗുണനിലവാരത്തിലും മണത്തിലും വന്ന വ്യത്യാസത്തെക്കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്
വ്യാജമരുന്ന് ശൃംഖല അന്യസംസ്ഥാനങ്ങളിലേക്കും നീളുന്ന പശ്ചാത്തലത്തിൽ, അവിടങ്ങളിലെ ഡ്രഗ്‌സ് കൺട്രോൾ വിഭാഗവുമായി ചേർന്നും പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. വ്യാജമരുന്ന് ശൃംഖലയെക്കുറിച്ച് തുടരന്വേഷണം ഊർജിതമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി.
പ്രതിരോധവുമായി ആശ്വാസ് ഫാർമ
അതേസമയം, തിരുവനന്തപുരത്തെ ആശ്വാസ് ഫാർമ ആരോപണങ്ങളെ പ്രതിരോധിച്ചു രംഗത്തെത്തി. മരുന്നിന്റെ ഗുണനിലവാരത്തിൽ സംശയം തോന്നിയ തങ്ങളാണ് ആദ്യം സിപ്ല കമ്പനിയെയും ഡ്രഗ്‌സ് കൺട്രോളറെയും വിവരമറിയിച്ചതെന്നാണ് ഇവരുടെ വാദം. മെഡ് വേൾഡ് ഫാർമയിൽ നിന്ന് വാങ്ങിയ മരുന്നിനെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് സിപ്ലയെ അറിയിച്ചെന്നും, മരുന്ന് വ്യാജമാണെന്ന് കമ്പനി സ്ഥിരീകരിച്ചതോടെ ഡ്രഗ്‌സ് കൺട്രോളറെ സമീപിക്കുകയായിരുന്നുവെന്നും ആശ്വാസ് ഫാർമ വ്യക്തമാക്കി. സ്ഥാപനത്തെ തകർക്കാനാണ് പരിശോധന നടത്തിയതെന്നും അവർ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."