മാനസിക സമ്മര്‍ദ്ദം കൂടുന്നുണ്ടോ? പരിഹാരമുണ്ട്... ഇക്കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയാല്‍ മതി
മാനസിക സമ്മര്‍ദ്ദം പതിയെ ജീവിതത്തെ നിയന്ത്രണത്തിലാക്കി തുടങ്ങുമ്പോള്‍ ആദ്യം പ്രതിഫലിക്കുന്നത് മനസ്സിനും ഉറക്കത്തിനുമാണ്. കാരണമില്ലാതെ ഉണ്ടാകുന്ന ഉത്കണ്ഠ (Anxitey), രാത്രികാലങ്ങളില്‍ ഉറങ്ങാന്‍ കഴിയാതെ വരുന്ന അവസ്ഥ, ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്ന് ഉണരുക, സ്ഥിരമായി ശരീരത്തിനുണ്ടാകുന്ന ക്ഷീണം - ഇവയൊക്കെ മനസ്സ് നല്‍കുന്ന മുന്നറിയിപ്പുകളാണ്. ഈ അടയാളങ്ങളും കാരണവും അതിനുവേണ്ട പരിഹാരവും ഉടനെ തിരിച്ചറിഞ്ഞാല്‍ ഗുരുതരമായ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
കാരണം
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉറക്കക്കുറവും പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം. ജോലി സ്ഥലത്ത് നിന്നും വീട്ടില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍ മനസ്സിന് വിശ്രമം നല്‍കാതെ ഭാരമായി മാറുന്നു. സാമ്പത്തിക ആശങ്കകള്‍, ഭാവിയെക്കുറിച്ചുള്ള പേടി, എന്നിവയും ഉത്കണ്ഠ വര്‍ധിപ്പിക്കുന്ന പ്രധാന കാരണങ്ങളാണ്.
മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും അമിതമായി ഉപയോഗിക്കുന്നത് മൂലം ഉറക്കക്രമം നഷ്ടപ്പെടുന്നു. വിശ്രമമില്ലാതെയുള്ള ജീവിതശൈലിയും ക്രമം തെറ്റിയുള്ള ഭക്ഷണവും, കഫീന്‍ പോലുള്ള പാനീയങ്ങളുടെ അധിക ഉപയോഗവും പ്രശ്‌നങ്ങള്‍ ഏറെ വഷളാക്കുന്നു.
കൂടാതെ , വികാരങ്ങള്‍ തുറന്ന് പറയാതെ ഉള്ളില്‍ പിടിച്ചു വെക്കുകയും, ഒറ്റപ്പെടല്‍, പിന്തുണയില്ലായ്മ, കുട്ടിക്കാലത്ത് ഉണ്ടായ മാനസിക ആഘാതങ്ങള്‍ എന്നിവയും ഉത്കണ്ഠയ്ക്കും ഉറക്കപ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. ഈ കാരണങ്ങള്‍ ഒക്കെ തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ ശ്രദ്ധിക്കുകയാണ് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാനുള്ള ആദ്യപടി.
അടയാളങ്ങള്‍
മാനസിക സമ്മര്‍ദ്ദം വര്‍ധിച്ചു വരുമ്പോള്‍ അതിന്റെ ആദ്യ ലക്ഷണം ശരീരവും മനസും വ്യക്തമായി തിരിച്ചറിയുന്നു . കാരണമില്ലാതെ ഉണ്ടാകുന്ന പേടിയും ഉത്കണ്ഠയും, ചെറിയ കാര്യങ്ങള്‍ക്കുപോലും അമിതമായി പ്രതികരിക്കുക, മനസ്സ് എപ്പോഴും ശാന്തമല്ലാതെ തോന്നുക എന്നിവയെല്ലാം സാധാരണമാണ്. ഹൃദയമിടിപ്പ് ഉയരുകയും, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് തോന്നുക എന്നിവയും ഇതോടൊപ്പം ഉണ്ടാകാം.
രാത്രിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ട് ഉണ്ടാവുക, ഇടയ്ക്കിടെ ഉറക്കത്തില്‍ നിന്ന് ഉണരുക, എന്നിവ ഉറക്കപ്രശ്‌നങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്. ഒരു ശരീരത്തിന് ആവശ്യമായ ഉറക്കം ലഭിക്കാതിരുന്നതിനാല്‍ രാവിലെ ഉറക്കമുണര്‍ന്നാലും ക്ഷീണവും തലവേദനയും ശരീരം വേദനയും അനുഭവപ്പെടാം. ചിലരില്‍ ചൂടുപിടിച്ച സ്വഭാവവും മറവി ഉണ്ടാവുകയും ദൈനംദിനം ചെയ്യുന്ന കാര്യങ്ങളില്‍ പോലും താല്‍പ്പര്യം കുറയുക തുടങ്ങിയ മാറ്റങ്ങളും കാണപ്പെടുന്നു.
ഈ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി നിലനില്‍ക്കുന്നത് മനസ്സ് നല്‍കുന്ന മുന്നറിയിപ്പുകളാണ്; അവഗണിച്ചാല്‍ ശാരീരിക ആരോഗ്യത്തേയും മാനസികാരോഗ്യത്തിനെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുണ്ട്.
പരിഹാരം
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉറക്കപ്രശ്‌നങ്ങളും നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ അനിവാര്യമാണ്. ദിവസവും നടക്കുക, ലഘു വ്യായാമം പോലുള്ള ശാരീരിക ചലനം മനസ്സിന് ആശ്വാസം നല്‍കുകയും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഉറക്കത്തിന് മുന്‍പ് സ്‌ക്രീന്‍ ഉപയോഗം കുറയ്ക്കുന്നതും സ്ഥിരമായ ഉറക്കസമയം പാലിക്കുന്നതും സുഖമമായ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കും.
മെഡിറ്റേഷന്‍ ചെയ്യുന്നതിലൂടെ മനസ്സിനെ ശമിപ്പിക്കാനും അമിത ചിന്തകള്‍ കുറയ്ക്കുകയും ചെയ്യുന്നു. പ്രശ്‌നങ്ങള്‍ മനസില്‍ ഒതുക്കാതെ വിശ്വാസമുള്ള ആളുകളുമായി പങ്കുവെക്കുക, ശരീരത്തിന് ഇടവേള വേണ്ടിവരുന്ന സമയത്ത് വിശ്രമം എടുക്കുക എന്നതും പ്രധാനമാണ്. ചായ, കാപ്പി പോലുള്ള കഫീന്‍ പാനീയങ്ങള്‍ രാത്രി തീര്‍ത്തും ഒഴിവാക്കുകയും ശരിയായ ഭക്ഷണക്രമം പാലിക്കുന്നതും ഏറെ ഗുണകരമാണ്.
ലക്ഷണങ്ങള്‍ തുടര്‍ച്ചയായി വര്‍ധിക്കുകയോ ദൈനംദിന ജീവിതത്തെ ബാധിക്കുകയോ ചെയ്താല്‍ കൗണ്‍സലറെയോ അല്ലെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെയോ സഹായം തേടുന്നതാവും ഏറ്റവും ഉചിതം. ശരിയായ സഹായം ഉടന്‍ ലഭിക്കുമ്പോള്‍ മാനസികാരോഗ്യം വീണ്ടെടുക്കാനും സമാധാന പരമായ ജീവിതം നയിക്കാനും സാധിക്കുന്നു.
മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉറക്കപ്രശ്‌നങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന് കരുതി അവഗണിക്കരുത്. മനസ്സ് നല്‍കുന്ന ഈ ലക്ഷണങ്ങള്‍ കൃത്യ സമയത്ത് തന്നെ തിരിച്ചറിഞ്ഞ് ശ്രദ്ധിക്കുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നത് തടയാന്‍ സഹായിക്കും. പിന്തുണയുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുകയും ആവശ്യമുള്ളപ്പോള്‍ വിദഗ്ധ സഹായം തേടുന്നതിലൂടെയും മാനസികാരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. ശരീരം പോലെ തന്നെ മനസ്സിനും കരുതല്‍ അനിവാര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."