ഹജ്ജ് ഗതാഗത നിയമങ്ങൾ കടുപ്പിച്ച് സഊദി; ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴയും പെർമിറ്റ് റദ്ദാക്കലും
മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണുകളിൽ തീർത്ഥാടകരുടെ യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി ഗതാഗത നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി സഊദി അറേബ്യ. മക്കയ്ക്കും പുണ്യസ്ഥലങ്ങൾക്കുമുള്ള റോയൽ കമ്മീഷൻ പുറത്തിറക്കിയ പുതിയ കരട് ചട്ടങ്ങൾ പ്രകാരം, ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കും 100,000 സൗദി റിയാൽ (ഏകദേശം 22 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തും.
ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന സംഗമമായ ഹജ്ജിനിടെയുണ്ടാകുന്ന ഗതാഗത തടസ്സങ്ങളും നിയമലംഘനങ്ങളും പൂർണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് 150 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.
പിഴയ്ക്ക് പുറമെ കടുത്ത അച്ചടക്ക നടപടികളും പുതിയ ചട്ടങ്ങളിൽ വിശദീകരിക്കുന്നുണ്ട്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന സേവന ദാതാക്കളെ ഒന്നുമുതൽ മൂന്ന് സീസണുകൾ വരെ ഹജ്ജ് പ്രവർത്തനങ്ങളിൽ നിന്ന് വിലക്കാനോ, അല്ലെങ്കിൽ അവരുടെ പ്രവർത്തന പെർമിറ്റുകൾ സ്ഥിരമായി റദ്ദാക്കാനോ കമ്മീഷന് അധികാരമുണ്ടാകും.
പിൽഗ്രിം ട്രാൻസ്‌പോർട്ടേഷൻ ഗൈഡൻസ് സെന്ററിൽ നിന്നുള്ള ഔദ്യോഗിക അനുമതിയില്ലാതെ ഒരു ഏജൻസിയും നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഗതാഗത സേവനം നടത്താൻ പാടില്ല. ഹജ്ജ് സർവീസിൽ പങ്കെടുക്കാൻ താല്പര്യമുള്ള കമ്പനികൾ ബസുകളുടെ എണ്ണം, സാങ്കേതിക സൗകര്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന അപേക്ഷ ജുമാദ അൽ-താനി ഒന്നാം തീയതി മുതൽ 60 ദിവസത്തിനുള്ളിൽ സമർപ്പിക്കേണ്ടതുണ്ട്. ശവ്വാൽ 15-നകം എല്ലാ രേഖകളും പൂർത്തിയാക്കണമെന്നും ചട്ടങ്ങൾ നിർദ്ദേശിക്കുന്നു.
തീർത്ഥാടകരുടെ യാത്ര തടസ്സപ്പെടാതിരിക്കാൻ ബസുകളുടെ തകരാറുകൾ സംബന്ധിച്ചും പുതിയ നിയമത്തിൽ വ്യക്തമായ വ്യവസ്ഥകളുണ്ട്. യാത്രയ്ക്കിടയിൽ വാഹനം കേടായാൽ നഗരപ്രദേശങ്ങളിൽ ഒരു മണിക്കൂറിനുള്ളിലും നഗരത്തിന് പുറത്താണെങ്കിൽ രണ്ട് മണിക്കൂറിനുള്ളിലും പകരം സംവിധാനം ഏർപ്പെടുത്തേണ്ടത് സേവന ദാതാക്കളുടെ ഉത്തരവാദിത്തമാണ്. ഇതിൽ പരാജയപ്പെട്ടാൽ അധികൃതർ നേരിട്ട് ഗതാഗത സൗകര്യം ഒരുക്കുകയും അതിന്റെ മുഴുവൻ ചിലവും ബന്ധപ്പെട്ട കമ്പനിയിൽ നിന്ന് ഈടാക്കുകയും ചെയ്യും.
കൂടാതെ, സീസണിലുടനീളം വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി മതിയായ എണ്ണം സാങ്കേതിക വിദഗ്ധരെ നിയമിക്കണമെന്നും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും റോയൽ കമ്മീഷൻ കർശന നിർദ്ദേശം നൽകി.
Saudi Arabia has made revolutionary changes to its traffic laws to make the journey of pilgrims safer and smoother during the upcoming Hajj seasons. According to new draft regulations released by the Royal Commission for Mecca and Holy Places, individuals and companies violating traffic laws will be fined up to 100,000 Saudi riyals (approximately over 22 lakh Indian rupees).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."