മകളെ വിവാഹം കഴിച്ചു നൽകിയില്ല; അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്
ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിനും പ്രണയപ്പകയ്ക്കും പിന്നാലെ ബെംഗളൂരു നഗരത്തിൽ സ്ത്രീകൾക്ക് നേരെ ഞെട്ടിക്കുന്ന അതിക്രമങ്ങൾ. മകളെ വിവാഹം കഴിച്ചു നൽകാൻ വിസമ്മതിച്ച അമ്മയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് ഒരു സംഭവം. ബസവേശ്വര നഗറിൽ ചായക്കട നടത്തുന്ന മുത്തു എന്ന യുവാവാണ് ക്രൂരത കാട്ടിയത്.
അമ്മയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം
ബസവേശ്വര നഗർ സ്വദേശിയായ ഗീത എന്ന സ്ത്രീക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗീതയുടെ 19 വയസ്സുള്ള മകളെ വിവാഹം കഴിച്ചു നൽകണമെന്ന് മുത്തു നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാളുടെ സ്വഭാവദൂഷ്യം കാരണം ഗീത ഈ ആവശ്യം തള്ളി. ഇതിലുള്ള വൈരാഗ്യത്താൽ ഇന്നലെ രാത്രി ഗീതയെ വഴിയിൽ തടഞ്ഞുനിർത്തിയ മുത്തു, അവരുടെ തലയിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.
50 ശതമാനത്തോളം പൊള്ളലേറ്റ ഗീത ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുത്തുവിനായി ബസവേശ്വര നഗർ പൊലിസ് തിരച്ചിൽ ഊർജിതമാക്കി.
വിവാഹാഭ്യർത്ഥന നിരസിച്ചു യുവതിയുടെ വസ്ത്രം വലിച്ചുകീറി ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ പരാക്രമം
ജ്ഞാനഭാരതി പൊലിസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു യുവതിക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണം നടന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നവീൻ കുമാർ എന്ന യുവാവാണ് 21-കാരിയെ പൊതുനിരത്തിൽ അപമാനിച്ചത്.
യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും അവർ അത് നിരസിച്ചിരുന്നു. ഇതിനുശേഷവും ശല്യം തുടർന്ന നവീൻ, യുവതി സുഹൃത്തിനൊപ്പം റോഡിൽ നിൽക്കുമ്പോൾ അവിടെയെത്തി കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ പരാതിയിൽ ജ്ഞാനഭാരതി പൊലിസ് നവീനെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."