ഇൻസ്റ്റഗ്രാം സൗഹൃദം വിനയായി; വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ ആക്രമിച്ചു, വസ്ത്രം വലിച്ചുകീറിയ യുവാവ് അറസ്റ്റിൽ
ബെംഗളൂരു:ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയോട് വിവാഹാഭ്യർത്ഥന നടത്തുകയും അത് നിരസിച്ചപ്പോൾ നടുറോഡിൽ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത യുവാവ് പിടിയിൽ. ബെംഗളൂരുവിലെ ജ്ഞാനഭാരതി ഉള്ളാൾ മെയിൻ റോഡിൽ ഡിസംബർ 22-നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യെലഹങ്ക സ്വദേശിയായ നവീൻ കുമാർ (29) ആണ് 21-കാരിയായ യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായത്.
സംഭവം ഇങ്ങനെ:
ഏകദേശം മൂന്ന് മാസം മുൻപാണ് നവീനും യുവതിയും ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. യുവതി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ പരസ്യത്തിന് മറുപടി നൽകിക്കൊണ്ടാണ് നവീൻ ബന്ധം സ്ഥാപിച്ചത്. പിന്നീട് ഫോൺ നമ്പറുകൾ കൈമാറുകയും സൗഹൃദത്തിലാവുകയും ചെയ്തു.
സൗഹൃദം പ്രണയത്തിലേക്ക് മാറ്റാൻ നവീൻ ശ്രമിച്ചെങ്കിലും യുവതി അത് നിരസിക്കുകയായിരുന്നു. ഇതോടെ നവീൻ യുവതിയെ പിന്തുടരാനും ശല്യം ചെയ്യാനും തുടങ്ങി. ശല്യം സഹിക്കവയ്യാതെ യുവതി ജോലി മാറുകയും താമസസ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ഡിസംബർ 22-ന് ഉച്ചയ്ക്ക് 3:20-ഓടെ യുവതി സുഹൃത്തിനൊപ്പം സ്കൂട്ടറിൽ പോകുമ്പോൾ നവീൻ കാറിലെത്തി തടഞ്ഞുനിർത്തി. തുടർന്ന് നാട്ടുകാർ നോക്കിനിൽക്കെ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും മുടിയിൽ പിടിച്ചു വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറാൻ ശ്രമിക്കുകയും ചെയ്തു.
പൊലിസ് നടപടി:
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതിയുടെ തലയ്ക്കും കഴുത്തിനും മർദ്ദനമേറ്റു. സംഭവത്തിന് പിന്നാലെ യുവതി നൽകിയ പരാതിയിൽ ജ്ഞാനഭാരതി പൊലിസ് കേസെടുത്ത് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് നവീനെതിരെ ചുമത്തിയിരിക്കുന്നത്.
യുവതി തന്നെ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു. സംഭവസ്ഥലത്ത് ആളുകൾ ഉണ്ടായിരുന്നിട്ടും ആരും യുവതിയെ സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."