ഇന്ത്യൻ വ്യോമയാന രംഗത്ത് ഇനി പുതിയ ചിറകുകൾ; അൽ ഹിന്ദ് ഉൾപ്പെടെ മൂന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ അനുമതി
ന്യൂഡൽഹി: ഇന്ത്യൻ വ്യേമയാന രംഗത്ത് ഇനി പുതിയ ചിറകുകൾ. രാജ്യത്തെ വ്യോമയാന വിപണിയിലെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കാനുമായി മൂന്ന് പുതിയ വിമാനക്കമ്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ 'അൽ ഹിന്ദ് എയർ', 'ശംഖ് എയർ', 'ഫ്ലൈ എക്സ്പ്രസ്' എന്നിവയ്ക്കാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (NOC) അനുവദിച്ചത്.
ഇൻഡിഗോയുടെ ആധിപത്യത്തിന് ബദൽ
നിലവിൽ ഇന്ത്യൻ ആഭ്യന്തര വിമാന സർവീസുകളുടെ 90 ശതമാനവും ഇൻഡിഗോ, എയർ ഇന്ത്യ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. ഇൻഡിഗോയ്ക്ക് മാത്രം 65 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. ഈ മാസം ആദ്യം ഇൻഡിഗോയുടെ സർവീസുകളിൽ ഉണ്ടായ സാങ്കേതിക തടസ്സങ്ങൾ രാജ്യത്തുടനീളം യാത്രക്കാരെ വലച്ചിരുന്നു. ഒരു എയർലൈനിനെ മാത്രം അമിതമായി ആശ്രയിക്കുന്നത് അപകടമാണെന്ന തിരിച്ചറിവാണ് പുതിയ കമ്പനികൾക്ക് വേഗത്തിൽ അനുമതി നൽകാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
പുതിയ കമ്പനികൾ
അൽ ഹിന്ദ് എയർ
യാത്രാ-ടൂറിസം രംഗത്തെ പ്രമുഖരായ കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പാണ് ഈ എയർലൈനിന് പിന്നിൽ. ദക്ഷിണേന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇത് വലിയ കരുത്താകും.
ശംഖ് എയർ
ഉത്തർപ്രദേശിൽ നിന്നുള്ള ആദ്യ വിമാനക്കമ്പനിയായ ശംഖ് എയർ 2026-ഓടെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ഫ്ലൈ എക്സ്പ്രസ്
പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലൈ എക്സ്പ്രസ് വിപണിയിലേക്ക് എത്തുന്നത്.
നിലവിൽ ഷെഡ്യൂൾ ചെയ്ത ഒമ്പത് എയർലൈനുകൾ മാത്രമാണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത്. ഉയർന്ന ഇന്ധനവിലയും സാമ്പത്തിക പ്രതിസന്ധിയും കാരണം ജെറ്റ് എയർവേയ്‌സ്, ഗോ ഫസ്റ്റ്, ഫ്ലൈ ബിഗ് തുടങ്ങിയ കമ്പനികൾ സർവീസ് നിർത്തിയത് ഈ മേഖലയിലെ വലിയ വെല്ലുവിളിയാണ്. ഈ പ്രതിസന്ധികൾക്കിടയിലാണ് പുതിയ മൂന്ന് കമ്പനികളുടെ കടന്നുവരവ്.
ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും വിമാന ശൃംഖലയുമായി ബന്ധിപ്പിക്കുക എന്ന സർക്കാരിന്റെ 'ഉഡാൻ' (UDAN) പദ്ധതിക്ക് പുതിയ എയർലൈനുകൾ കൂടുതൽ കരുത്തേകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു പറഞ്ഞു. എൻഒസി ലഭിച്ചെങ്കിലും വാണിജ്യ സർവീസുകൾ ആരംഭിക്കുന്നതിന് മുമ്പ് ഡിജിസിഎയുടെ (DGCA) കർശനമായ സുരക്ഷാ പരിശോധനകളും മറ്റ് നടപടിക്രമങ്ങളും ഈ കമ്പനികൾ പൂർത്തിയാക്കേണ്ടതുണ്ട്.
the central government approved three new airlines including al hind marking expansion in indian aviation. the move aims to boost connectivity competition and passenger choice while supporting economic growth jobs and air travel services across domestic and regional routes nationwide
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."