"അവളെ ക്രിമിനലായി കാണുന്നത് ലജ്ജാകരം"; ഇതാണോ നീതി?': ഉന്നാവ് കേസിൽ ബിജെപി നേതാവിന് ജാമ്യം ലഭിച്ചതിനെതിരെ അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഉന്നാവ് പീഡനക്കേസിലെ മുഖ്യപ്രതി ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗറിന്റെ ജീവപര്യന്തം ശിക്ഷ ഡൽഹി ഹൈക്കോടതി മരവിപ്പിച്ച നടപടിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീതിക്കായി പോരാടുന്ന അതിജീവിതയെ ക്രിമിനലിനെപ്പോലെ കാണുന്ന നിലപാട് ലജ്ജാകരമാണെന്നും ഇത്തരം പ്രവൃത്തികൾ രാജ്യത്തെ ഒരു 'ചത്ത സമൂഹമായി' മാറ്റുകയാണെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു.
സോണിയ ഗാന്ധിയുടെ വസതിയിലെത്തി അതിജീവിതയും മാതാവും രാഹുൽ ഗാന്ധിയെയും സോണിയയെയും ഇന്ന് കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ തങ്ങൾ നേരിടുന്ന ഭീഷണികളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും അതിജീവിത വിവരിച്ചു. "എന്റെ വാക്കുകൾ കേട്ട് രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും കണ്ണുകൾ നിറഞ്ഞു. നീതി ലഭിക്കുമെന്ന വലിയ ആത്മവിശ്വാസം അവർ നൽകിയിട്ടുണ്ട്," കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് 'എക്സിൽ' പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
"ഇതാണോ അതിജീവിത അർഹിക്കുന്ന നീതി? നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതാണോ അവൾ ചെയ്ത തെറ്റ്? കുറ്റവാളികൾക്ക് ജാമ്യവും അതിജീവിതകൾക്ക് പീഡനവും നൽകുന്ന ഈ വ്യവസ്ഥിതി നിരാശാജനകമാണ്." രാഹുൽ ഗാന്ധി ചോദിച്ചു.
ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ അതിജീവിതയുടെ മാതാവിനെ കൈയേറ്റം ചെയ്തതായും പരാതിയുയർന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കാതെ ഓടുന്ന ബസിൽ നിന്ന് അവരെ തള്ളിയിട്ടുവെന്നാണ് ആരോപണം. ഈ നടപടിയെയും രാഹുൽ ഗാന്ധി ശക്തമായി അപലപിച്ചു.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി നേതാവ് കുൽദീപ് സിംഗ് സെൻഗർ സമർപ്പിച്ച ഹരജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ശിക്ഷ മരവിപ്പിച്ചത്. ഡൽഹിയിൽ തന്നെ തുടരണം, അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രവേശിക്കരുത് എന്നിവയാണ് കോടതി വെച്ചിട്ടുള്ള പ്രധാന ഉപാധികൾ.
2017-ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 2019-ലാണ് മുൻ ബിജെപി എംഎൽഎയായ സെൻഗറിനെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഹൈക്കോടതി വിധി രാജ്യത്തെ പെൺമക്കളെ ദുർബലപ്പെടുത്തുന്നതാണെന്ന് അതിജീവിത പ്രതികരിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരെ നേരിൽ കണ്ട് താൻ നേരിടുന്ന അനീതി ബോധ്യപ്പെടുത്താൻ അനുമതി തേടുമെന്നും അവർ വ്യക്തമാക്കി. ഉന്നാവ് കേസിൽ നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ കോൺഗ്രസ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
congress leader rahul gandhi has strongly criticized the delhi high court’s decision to suspend the life sentence of expelled bjp leader kuldeep singh sengar. gandhi met the unnao survivor and her mother on wednesday, december 24, 2025, after they were allegedly manhandled by security forces during a protest at india gate. he expressed disappointment over the bail, stating that treating survivors like criminals while granting relief to convicts is a sign of a "dead society." the survivor, who called the verdict a "death sentence" for her family, plans to challenge the order in the supreme court.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."