പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി
കൊച്ചി: പൊലിസ് വാഹനം തകർത്ത കേസിലെ പ്രതി കരഞ്ഞ് മാപ്പപേക്ഷിക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കേരള പൊലിസിനെതിരെ മനുഷ്യാവകാശ കമ്മിഷനിൽ പരാതി. പൗരന്റെ അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പത്തനാപുരം പൊലിസിന്റെ നടപടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. പെരുമ്പാവൂർ സ്വദേശി അഡ്വ. ആഷിഖ് കരോത്താണ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയത്.
ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി, പത്തനാപുരം എസ്.എച്ച്.ഒ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്. കുറ്റാരോപിതനാണെങ്കിൽ പോലും ഒരു വ്യക്തിയെ അപമാനിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് എന്നും പരാതിയിൽ ചൂണ്ടികാണിക്കുന്നു.
ജനുവരി 19-ന് തമിഴ്‌നാട്ടിലെ തേനിയിൽ നിന്നാണ് സജീവനെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവ സമയത്ത് താമസസ്ഥലത്തിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്നതും പ്രതി കരയുന്നതുമായ ദൃശ്യങ്ങൾ പൊലിസ് മൊബൈലിൽ പകർത്തിയിരുന്നു. നിയമം നടപ്പിലാക്കുന്നതിന് പകരം പ്രതിയെ പരിഹസിക്കുന്ന രീതിയിൽ ഈ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് കേരള പൊലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി വൻതോതിൽ പ്രചരിപ്പിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഈ വീഡിയോ അടിയന്തരമായി നീക്കം ചെയ്യാൻ ഉത്തരവിടണമെന്നും, വീഡിയോ ചിത്രീകരിക്കാനും അത് പ്രചരിപ്പിക്കാനും നിർദ്ദേശം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പൊലീസ് ജീപ്പ് തകർത്ത കേസിലെ പ്രതിയെ പിടികൂടിയതിനെ 'ഹീറോയിസം' ആയി ചിത്രീകരിക്കാൻ ശ്രമിച്ച പൊലിസിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമനടപടി ആരംഭിച്ചിരിക്കുന്നത്.
A complaint has been filed with the Human Rights Commission against the Kerala Police for sharing a video of an accused man crying and pleading for mercy on their official social media handles.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."