വെള്ളം കിട്ടിയില്ല; നെല്‍കൃഷി നശിക്കുന്നു
വണ്ടിത്താവളം: ജൂണ്‍ ഒന്നുമുതല്‍ തമിഴ്‌നാടില്‍ നിന്നും വെള്ളം കിട്ടിയിട്ടും പട്ടഞ്ചേരിക്ക് താഴെ ഒരു തുള്ളി വെള്ളമെത്തിയില്ല. കമ്പാലത്തറ ഏരി രണ്ടുതവണ പാതി നിറച്ച് വെള്ളം വിട്ടതിനാല്‍ പട്ടഞ്ചേരിക്ക് താഴെയുള്ള ഇടതുകര കര്‍ഷകര്‍ ഉണക്ക ഭീഷണിയില്‍.
രണ്ടാമത് വെള്ളമെത്തുമെന്ന ഉദ്യോഗസ്ഥരുടെ വാക്കില്‍ വിശ്വസിച്ചിരുന്ന കര്‍ഷകര്‍ വെട്ടിലായി. കന്നിമാരി, മീങ്കര,കുറ്റിക്കല്‍ചള്ള, പാട്ടികുളം എന്നീ ക്രോസ് ഷട്ടറുകള്‍ പൂര്‍ണമായി ഉയര്‍ത്തുകയും ഇവിടെത്തെ ബ്രാഞ്ചു കനാലുകള്‍ അടക്കുകയും ചെയ്താല്‍ മാത്രമേ പട്ടഞ്ചേരിക്ക് താഴെയുള്ള കര്‍ഷകര്‍ക്ക് വെള്ളം ലഭിക്കൂ. ഇത്തവണ ജലവിതരണം പട്ടഞ്ചേരി ബ്രാഞ്ചുകനാല്‍ വരെ മാത്രമാണ് നടത്തിയത്.
കഴിഞ്ഞ രണ്ടുമാസമായി തമിഴ്‌നാട്ടില്‍ നിന്നും വെള്ളം ലഭിച്ചിട്ടും കമ്പലത്തറ ഏരി മുഴുവനായി നിറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചതാണ് ഇപ്പോഴത്തെ ഉണക്കത്തിന് കാരണം. കമ്പാലത്തറ ഏറിയും മൂലത്തറ റഗുലേറ്ററും ഉണ്ടാക്കുന്നതിന് മുന്‍പു തന്നെ ജലവിതരണം നടന്ന പ്രദേശങ്ങളില്‍ പോലും ഇത്തവണ വെള്ളമെത്തിച്ചില്ല.
ആദ്യകാല ആയക്കെട്ട് പ്രദേശങ്ങളില്‍ വെള്ളക്കരം നല്‍കാതെതന്നെ കൃഷിക്ക് വെള്ളം കിട്ടിയിരുന്ന ആലംപതി,വടകര കരിപ്പാലി,ആറാംപാടം പാടശേഖരത്തിനുതാഴെയുള്ള തത്തമംഗലം, പെരുവെമ്പ് ,കൊടുവായൂര്‍ പഞ്ചായത്തുകളിലെ പാടശേഖരത്തിലും ഉണക്കം കണ്ടുതുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."