അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ
മുംബൈ: കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷം രാജസ്ഥാൻ താരം വൈഭവ് സൂര്യവംശിയെ പുകഴ്ത്തി അനിൽ കുംബ്ലെ. മികച്ച ബൗളർമാരിൽ ഒരാളായ ജസ്പ്രീത് ബുംറയെ യാതൊരു ഭയവുമില്ലാ തെ നേരിട്ട സൂര്യവംശിയെ വാനോളം പുകഴ്ത്തിയാണ് മുൻ ഇന്ത്യൻ നായകൻ അനിൽ കുംബ്ലെ സംസാരിച്ചത്.
ലോകത്തിലെ ഏറ്റവും മികച്ച ബൗളറെ നേരിടുന്നത് ഇത്ര എളുപ്പമാണെന്ന് വൈഭവ് തോന്നിപ്പിച്ചുവെന്ന് അനിൽ കുംബ്ലെ പറഞ്ഞു. സാധാരണ ബുംറയാണ് ബാറ്റർമാരെ തന്റെ തന്ത്രങ്ങളിൽ കുടുക്കാറുള്ളത്. എന്നാൽ ഇവിടെ സൂര്യവംശിയാണ് ബുംറയെ കുടുക്കിയത്. ബുംറ സ്ലോവർ ബോൾ എറിയുമെന്ന് മുൻകൂട്ടി കണ്ട് താരം അതിനായി കാത്തിരുന്നു സിക്സർ അടിച്ചു. ഓരോ മത്സരത്തിലും 300നടുത്ത് സ്ട്രൈക്ക് റേറ്റിൽ റൺസ് സ്കോർ ചെയ്യുന്ന ഈ കൗമാര താരത്തിൻറെ സ്ഥിരത അത്ഭുതപ്പെടുത്തുന്നതാണ്.' കുംബ്ലെ വ്യക്തമാക്കി.
മഴയെത്തുടർന്ന് 11 ഓവറായി ചുരുക്കിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി യശസ്വി ജയ്സ്വാളും സൂര്യവംശിയും ചേർന്ന് സ്ഫോടനാത്മകമായ തുടക്കമാണ് നൽകിയത്. ആദ്യ ഓവറിൽ ദീപക് ചഹാറിനെതിരെ നാല് ഫോറുകളും ഒരു സിക്സറും പറത്തി ജയ്സ്വാൾ 22 റൺസ് അടിച്ചെടുത്തു. പിന്നാലെ പന്തെറിയാനെത്തിയ ജസ്പ്രീത് ബുംറയെ ആദ്യ പന്തിൽ തന്നെ മിഡ് ഓണിന് സിക്സർ പറത്തികൊണ്ടാണ് സൂര്യവംശി വരവേറ്റത്. രണ്ട് പന്തുകൾക്ക് ശേഷം ഡീപ്പ് സ്ക്വയർ ലെഗിലൂടെ താരം വീണ്ടും സിക്സർ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."