'ഒപ്പം നിന്നവര്‍ക്ക് നന്ദി, അവഗണിച്ച് പുച്ഛിച്ച് തള്ളിയവര്‍ക്കുള്ള മറുപടി'; ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചു
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് വര്‍ഷങ്ങളോളം ദുരിതമനുഭവിച്ച ഹര്‍ഷീന ജോലിയില്‍ പ്രവേശിച്ചു. തനിക്ക് പൂര്‍ണമായും നീതി ലഭിച്ചുവെന്നും അവഗണിച്ചവര്‍ക്കും പുച്ഛിച്ചവര്‍ക്കുമുള്ള മറുപടിയാണ് തന്റെ ജോലിയെന്നും ഹര്‍ഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കള്‍ കോളജില്‍ ഓഫിസ് അസിസ്റ്റന്‍ഡ് ആയാണ് ഹര്‍ഷിന ജോലിയില്‍ പ്രവേശിച്ചത്.
കുടുംബാംഗങ്ങള്‍ക്കും സമരസമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും ഒപ്പമാണ് ഹര്‍ഷിന എത്തിയത്.
ജോലിയും തുടര്‍ധനസഹായവും ഇന്നലെ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വി.ഡി സതീശനും ആരോഗ്യമന്ത്രി കെ. മുരളീധരനും ഉറപ്പ് നല്‍കിയിരുന്നു. തീരാവേദനകള്‍ക്കും സാമ്പത്തിക പ്രയാസങ്ങള്‍ക്കും നടുവില്‍ അകപ്പെട്ട ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ സര്‍വിസില്‍ ജോലി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആശ്വാസമായിരിക്കുകയാണ്. ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ നാള്‍ മുതല്‍ തുടരുന്ന നോവിനിടയില്‍ സാമ്പത്തികപ്രയാസവും ഹര്‍ഷിനയേയും കുടുംബത്തേയും തളര്‍ത്തിയിരുന്നു.
ശാരീരിക അസ്വസ്ഥതകള്‍ മൂലം തുടര്‍ ചികിത്സയ്ക്ക് പോലും പണമില്ലാതെ ദുരിതത്തിലായ കുടുംബത്തിന് വെളിച്ചമേകുന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചികിത്സാ പിഴവ് വരുത്തിയ അതേ ആശുപത്രിയില്‍ തന്നെയാണ് ഓഫിസ് അസിസ്റ്റന്റായി ഹര്‍ഷിനയ്ക്ക് താത്കാലിക ജോലി നല്‍കിയത്.
2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന പ്രസവശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക മറന്നുവച്ചത്. ദിവസങ്ങള്‍ക്കുശേഷം അസഹ്യമായ വേദനയെതുടര്‍ന്ന് ചികിത്സതേടി. ആശുപത്രികള്‍ മാറിമാറി ചികിത്സിച്ചിട്ടും കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
2021ല്‍ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വയറ്റില്‍ അഞ്ച് ഇഞ്ച് നീളത്തില്‍ കത്രിക കണ്ടെത്തുന്നത്. 2022 സെപ്തംബര്‍ 15നാണ് കത്രിക പുറത്തെടുക്കുന്നത്. അഞ്ച് വര്‍ഷം ചികിത്സക്കായി ആശുപത്രികള്‍ കയറിയിറങ്ങി ലക്ഷങ്ങളാണ് ചെലവായത്. വരുമാന മാര്‍ഗമായിരുന്ന ബിസിനസ് തകര്‍ന്നു. കത്രിക നീക്കം ചെയ്‌തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമായി.
കത്രിക താഴോട്ടിറങ്ങി മൂത്രസഞ്ചിക്ക് കേടുപറ്റിയിരുന്നു. അരയ്ക്കുതാഴെ മരവിപ്പും. കുറച്ചുസമയം നില്‍ക്കുമ്പോഴേക്കും അസ്വസ്ഥത തുടങ്ങും. കടുത്ത വയറുവേദനയ്ക്ക് മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സി.ടി സ്‌കാനില്‍ കത്രിക കുടുങ്ങിയ ഭാഗത്ത് കൊഴുപ്പടിഞ്ഞ് കൂടിയതായി കണ്ടെത്തിയിരുന്നു. അടിക്കടിയുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ ഹര്‍ഷിനയും കുടുംബവും തകര്‍ന്നു.
ജോലി ലഭിക്കുന്നതിലൂടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറക് മുളയ്ക്കുകയാണ്. സമരങ്ങളില്‍ കരുത്തായി നിന്നവര്‍ അധികാരത്തിലേറിയതിനാല്‍ നീതി ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഹര്‍ഷിന. കേസില്‍ കുറ്റക്കാര്‍ക്ക് ശിക്ഷയും അര്‍ഹമായ നഷ്ടപരിഹാരവും വൈകാതെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഹര്‍ഷിനയും കുടുംബവും.
നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഹര്‍ഷിന പറഞ്ഞു. മുന്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുടര്‍ചികിത്സയ്ക്കായി വന്ന ഭീമമായ ചെലവ് കണക്കിലെടുത്ത് ഹര്‍ഷിന അത് സ്വീകരിച്ചിരുന്നില്ല. തുടര്‍ചികിത്സ ഉറപ്പാക്കാനും മറ്റും മതിയായ നഷ്ടപരിഹാരം സര്‍ക്കാരില്‍നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹര്‍ഷിന പറഞ്ഞു.
Harshina has officially joined her new job, marking the end of a long and emotionally charged struggle that had gained public attention. Expressing gratitude to those who stood by her, she said the achievement was also a response to those who ignored and mocked her during difficult times. Her words on social media quickly drew support and appreciation from many, with people praising her perseverance and determination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."