പരീക്ഷാ പോർട്ടലുകളിലെ സുരക്ഷാപ്പിഴവ് കണ്ടെത്തി തിരുത്തിച്ചത് 16കാരൻ മലയാളി വിദ്യാർഥി; ആദ്യം പേടിച്ച് മാതാപിതാക്കൾ, ഒടുവിൽ രാജ്യത്തിന്റെ കൈയടി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മത്സരപരീക്ഷകളായ നീറ്റ്, ജെ.ഇ.ഇ അഡ്വാൻസ്ഡ് എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലെ ഗുരുതര സുരക്ഷാപ്പിഴവുകൾ വെറും അഞ്ച് ദിവസത്തിനുള്ളിൽ കണ്ടെത്തി തിരുത്തിച്ചത് 16കാരനായ മലയാളി വിദ്യാർഥി. ദുബൈയിൽ ജനിച്ചുവളർന്ന പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ വിദ്യാർഥി റൈലൻ അനിലാണ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയെ ഞെട്ടിച്ച എത്തിക്കൽ ഹാക്കിങ്ങിന് പിന്നിൽ. ദുബൈ മലയാളിയായ ടെക്കി അനിൽ പെരുംകണറിലിന്റെ മകനായ റൈലൻ, വെബ്‌സൈറ്റുകളിൽ കടന്നുകൂടി വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ഹാക്കർമാർക്ക് സാധിക്കുന്ന തരത്തിലുള്ള വലിയ സുരക്ഷാപ്രശ്‌നങ്ങളാണ് കണ്ടെത്തിയത്.
മെയ് 31നാണ് റൈലൻ ആദ്യമായി നീറ്റ് സൈറ്റിലെ പിഴവ് കണ്ടെത്തുന്നത്. മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വിവരം ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനും പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ)ക്കും ഇമെയിൽ വഴി കൈമാറി. വിഷയത്തിന്റെ ഗൗരവം സ്വന്തം എക്‌സ് ഹാൻഡിലിലും പങ്കുവച്ചു.
പിറ്റേന്ന് രാവിലെ തന്നെ എൻ.ടി.എ ഡയറക്ടർ ജനറൽ അഭിഷേക് സിങ്, റൈലനെ നേരിട്ട് ബന്ധപ്പെടുകയും വലിയൊരു സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തു. പിന്നാലെ സുരക്ഷ ഉറപ്പാക്കാനായി നീറ്റിന്റെ ഔദ്യോഗിക പോർട്ടൽ താൽക്കാലികമായി അധികൃതർ റദ്ദാക്കി. തുടർന്നുള്ള ദിവസങ്ങളിൽ ജെ.ഇ.ഇ വെബ്‌സൈറ്റിലെ സുരക്ഷാപ്രശ്‌നവും റൈലൻ കണ്ടെത്തി അധികൃതരെ അറിയിച്ചു. ഇതോടെ ഐ.ഐ.ടി മേധാവികൾ ഇടപെട്ട് അതും പരിഹരിച്ചു.
റൈലന്റെ മാതാപിതാക്കൾ മകന്റെ 'വിപ്ലവം' അറിഞ്ഞ് ആദ്യമൊന്ന് അമ്പരന്നു. ഹാക്കിങ് എന്ന വാക്ക് കേട്ടയുടൻ മകൻ ജയിലിലാകുമോ എന്നായിരുന്നു അവരുടെ ആശങ്ക. തുടർന്ന് മാതാപിതാക്കൾ അഭിഭാഷകന്റെ സഹായം തേടുകയുണ്ടായി. എന്നാൽ ഇത് രാജ്യത്തിന് ഗുണകരമായ എത്തിക്കൽ ഹാക്കിങ് ആണെന്ന് മനസ്സിലായതോടെ കുടുംബം അവന് പിന്തുണ നൽകി.
സി.ബി.എസ്.ഇ വെബ്‌സൈറ്റിലെ സുരക്ഷാപ്പിഴവുകൾ കണ്ടെത്തിയ നിസർഗ, സാർത്ഥക് എന്നീ ഇന്ത്യൻ കൗമാരക്കാരയ വിദ്യാർഥികളാണ് തനിക്ക് പ്രചോദനമായതെന്ന് റൈലൻ പറയുന്നു. മൈൻക്രാഫ്റ്റ്, ഫോർട്ട്‌നൈറ്റ് പോലുള്ള വിഡിയോ ഗെയിമുകളാണ് കംപ്യൂട്ടർ സയൻസിലേക്ക് തനിക്ക് വഴിത്തിരിവായതെന്നും റൈലൻ കൂട്ടിച്ചേർത്തു. ഭാവിയിൽ സൈബർ സുരക്ഷാ വിദഗ്ധൻ ആകാനാണ് കൊച്ചു മിടുക്കന്റെ ആഗ്രഹം
Abhinav, a 16-year-old school student from Kerala, discovered a major security loophole in official examination portals that risked exposing the personal data of thousands of students.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."