നിപ വൈറസ് ബാധിതന് വിപുലമായ സമ്പർക്കം; ബന്ധപ്പെട്ടവർ ക്വാറന്റീനിൽ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗിയെ രാത്രിയോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. സ്രവ സാമ്പിളുകൾ അന്തിമ സ്ഥിരീകരണത്തിനായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയച്ചിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ടെന്നും ആരോഗ്യവന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
വിപുലമായ സമ്പർക്കപ്പട്ടിക; ക്വാറന്റീൻ നിർദേശിച്ചു
രോഗബാധിതനായ വ്യക്തിക്ക് വിപുലമായ സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഇയാളുമായി സമ്പർക്കത്തിൽ വന്ന ബന്ധപ്പെട്ട എല്ലാവരോടും അടിയന്തരമായി ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.
ക്ലീനിങ് ജോലിക്കാരനായ ഇയാൾ ഫറോക്കിലെ ഒരു പഴയ കെട്ടിടം (ഗോഡൗൺ) ഒറ്റയ്ക്ക് വൃത്തിയാക്കാൻ പോയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇവിടെ നിന്നാകാം വൈറസ് ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
"രോഗിക്ക് വിപുലമായ സമ്പർക്കമുണ്ടായിട്ടുണ്ട്. എന്നാൽ മറ്റാർക്കും ഇതുവരെ ലക്ഷണങ്ങൾ കണ്ടിട്ടില്ല. ഒരിക്കൽ പനി വന്ന് മാറിയ ആളാണ് ഇയാൾ. ഗോഡൗൺ വൃത്തിയാക്കിയ സ്ഥലത്ത് വവ്വാലിന്റെ സാന്നിധ്യം സംശയിക്കുന്നുണ്ടെന്ന്." ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ഡീ അഡിക്ഷൻ സെന്ററിലും എത്തിച്ചു; ജാഗ്രത ശക്തം
രോഗബാധിതനായ 43 കാരന് നേരത്തെ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾക്ക് ബോധക്ഷയമടക്കമുള്ള ലക്ഷണങ്ങൾ പ്രകടമായി.
മദ്യപിക്കുന്ന വ്യക്തിയായതിനാൽ ബോധക്ഷയവും മറ്റ് അസ്വസ്ഥതകളും 'വിഡ്രോവൽ സിംപ്റ്റംസ്' (അളവിലധികം മദ്യം പെട്ടെന്ന് നിർത്തുന്നതുവഴിയുള്ള അസ്വസ്ഥതകൾ) ആണെന്ന് തെറ്റിദ്ധരിച്ച് വീട്ടുകാർ ഇയാളെ ഒരു ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടുപോയിരുന്നു. ഇതിനാൽ തന്നെ സമ്പർക്കപ്പട്ടിക കൂടുതൽ നീളാനാണ് സാധ്യതയെന്ന് അധികൃതർ സംശയിക്കുന്നു. ആരോഗ്യവകുപ്പ് ഇയാളുടെ റൂട്ട് മാപ്പും സമ്പർക്കപ്പട്ടികയും വേഗത്തിൽ തയ്യാറാക്കി വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."