ഷുഹൈബ് വധക്കേസ്: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി: ഷുഹൈബ് വധക്കേസിലെ വിചാരണ നടപടികള്‍ക്ക് സ്റ്റേ. തിങ്കളാഴ്ച വരെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ആകാശ് തില്ലങ്കേരി അടക്കം മൂന്ന് പ്രതികളുടെ അപ്പീലിലാണ് നടപടി.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും മുന്‍വിധിയോടെയാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും പ്രതികള്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിങ്കളാഴ്ചയ്ക്കകം കോടതിയെ അറിയിക്കണം. അതിന് ശേഷമായിരിക്കും സ്റ്റേ തുടരണോ ഒഴിവാക്കണോയെന്ന് കോടതി തീരുമാനിക്കുക.
വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രതിഭാഗം നേരത്തെ നല്‍കിയ ഹരജി തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) തള്ളിയിരുന്നു. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയില്‍ ആദ്യം ഹരജി നല്‍കിയെങ്കിലും സത്യവാങ്മൂലം നല്‍കാത്തതിനാല്‍ തള്ളുകയായിരുന്നു. തുടര്‍ന്ന്, സത്യവാങ്മൂലം ഉള്‍പ്പെടുത്തി വീണ്ടും നല്‍കിയ ഹരജിയും കോടതി അംഗീകരിച്ചില്ല.
കേസിലെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ പ്രതിഭാഗം മനഃപൂര്‍വം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് കോടതി മാറ്റ ഹരജി സമര്‍പ്പിക്കപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകന്‍ സമര്‍പ്പിച്ച ഈ ഹരജി മുന്‍പ് പരിഗണിച്ച സെഷന്‍സ് കോടതി, അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹരജി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരവുമായി സഹകരിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ തയ്യാറായിരുന്നില്ല.
സാക്ഷി വിസ്താരം തടസപ്പെടുത്തുന്നതും വിചാരണ നീട്ടിക്കൊണ്ടുപോകുന്നതുമായ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണ കോടതി കര്‍ശനമായിട്ടാണ് നേരിട്ടത്. പ്രതികള്‍ മനഃപൂര്‍വം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷന്‍സ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്ത് പ്രതികള്‍ക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമാണുണ്ടായത്.
തലശ്ശേരി മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മേയ് 18 മുതല്‍ തുടര്‍ച്ചയായി വിചാരണ നടപടികള്‍ പുരോഗമിച്ചുവരികയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവോടെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
High Court stays trial proceedings in Shuhaib murder case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."