കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനമേറ്റെടുക്കാന്‍ ട്രൈബ്യൂണല്‍ ഉത്തരവുമായി ഡോ. കെ.ജെ റീന രണ്ടാം ദിവസവും ഡി.എച്ച്.എസ് ഓഫിസിലെത്തി. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനത്ത് നിന്ന് മാറില്ലെന്ന നിലപാടിലാണ് താല്‍ക്കാലിക ചുമതലയുള്ള ഡോ.വി മീനാക്ഷി. ഇന്നലെയും ഓഫിസിലെത്തിയെങ്കിലും റീനയ്ക്ക് സ്ഥാനമേറ്റെടുക്കാന്‍ സാധിച്ചിരുന്നില്ല.
ആരുമില്ലാവര്‍ക്ക് നീതിന്യായ സംവിധാനമുണ്ടാകും. വകുപ്പിന്റെ യോഗങ്ങളിലേക്ക് തള്ളിക്കയറാന്‍ ഉദ്ദേശമില്ലെന്ന് ഡോ റീന പറഞ്ഞു. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനിടയില്‍ ഒരു കല്ലുകടിയായി നില്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണ്ട സമയമാണിതെന്നും ഡോ റീന പറഞ്ഞു.
അതേസമയം, ആരോഗ്യമന്ത്രി കെ മുരളീധരനെ തള്ളി ഡോ റീന. നിപ ഫലം വന്നപ്പോള്‍ തന്നെ മന്ത്രിയെ അറിയിച്ചിരുന്നുവെന്നും കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായെന്നും അവര്‍ പറഞ്ഞു. ശബരിമലയിലേക്ക് ഡോക്ടര്‍മാരെ കൊടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. ഡി.എം.ഇയും നിപ ഫലം അറിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇന്നലെയും ഡോ. വി. മീനാക്ഷി കസേരയില്‍നിന്ന് മാറാന്‍ തയാറായില്ല. ഇതോടെ ഡി.എച്ച്.എസ് ഓഫിസ് മണിക്കൂറുകളോളം കടുത്ത അനിശ്ചിതാവസ്ഥയിലായിരുന്നു.
ആരോഗ്യവകുപ്പ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ സ്ഥലംമാറ്റിയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ കഴിഞ്ഞ ദിവസമാണ് സ്റ്റേ ചെയ്തത്. ഇന്നലെ രാവിലെ 9.30നു ഉത്തരവിന്റെ പകര്‍പ്പുമായി ഡോ. റീന ഡി.എച്ച്.എസ് ആസ്ഥാനത്തെത്തി. എന്നാല്‍ പകരം ചുമതലയുള്ള ഡോ. മീനാക്ഷി അതിനു മുന്‍പേ ഓഫിസിലുണ്ടായിരുന്നു. ഡോ. റീന ട്രിബ്യൂണല്‍ ഉത്തരവ് കാണിച്ചെങ്കിലും സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന് ഡോ. മീനാക്ഷി നിലപാടെടുത്തു. ഇതോടെ ഡോ. റീന എതിര്‍വശത്തെ കസേരയിലിരുന്നു. ഉച്ചഭക്ഷണത്തിന് ഡോ. റീന പുറത്തിറങ്ങിയപ്പോഴാണ് ഡോ. മീനാക്ഷി കസേരയില്‍നിന്ന് എഴുന്നേറ്റത്. ഉച്ചയ്ക്കു ശേഷവും പഴയ ഡി.എച്ച്.എസും പുതിയ ഡി.എച്ച്.എസും മുഖാമുഖം കസേരകളില്‍ ഇരിപ്പുറപ്പിച്ചു. ഒടുവില്‍ ഓഫിസ് സമയം കഴിഞ്ഞാണ് ഡോ. റീന പുറത്തിറങ്ങിയത്.
ഒരേ മുറിയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ ഡയരക്ടര്‍ പദവിക്കായി നിലയുറപ്പിച്ചത് ജീവനക്കാരെയും പൊതുജനങ്ങളെയും അമ്പരപ്പിച്ചു. വിവരമറിഞ്ഞ് പൊലിസും ഡി.എച്ച്.എസ് ഓഫിസിലെത്തി. ഇതിനിടെ ഓഫിസില്‍ നടക്കേണ്ടിയിരുന്ന സുപ്രധാന പകര്‍ച്ചവ്യാധി പ്രതിരോധ യോഗങ്ങള്‍ മുടങ്ങി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി ഇന്നലെ നടത്താനിരുന്ന യോഗവും തടസപ്പെട്ടു.
ഓഫിസിലെ തര്‍ക്കം മൂലമുണ്ടായ അനിശ്ചിതാവസ്ഥയെ തുടര്‍ന്ന് സമിതി ചെയര്‍മാന്‍ യോഗത്തിന് എത്തിയില്ല. നിപ മുതല്‍ എംപോക്സ് വരെ സംസ്ഥാനം നേരിടുന്ന അതീവ ജാഗ്രതാ സമയത്താണ് ആരോഗ്യവകുപ്പ് ഡയരക്ടര്‍ പോലെയൊരു സുപ്രധാന പദവിയില്‍ കസേരത്തര്‍ക്കവും നാടകവും. അതേസമയം ട്രിബ്യൂണലിന്റെ സ്റ്റേ ഉത്തരവിനെതിരെ അടിയന്തരമായി ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
Amid the continuing uncertainty over the leadership at the Directorate of Health Services (DHS), Dr. Reena stated that she is willing to work wherever the government assigns her and does not wish to become an obstacle in the ongoing dispute.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."