കേരള ബജറ്റ് 2026 : ഉടമകൾക്ക് തലോടൽ; തൊഴിലാളികളെ കണ്ടില്ല
കൽപ്പറ്റ: ആദ്യ ബജറ്റിലും വൻകിട തോട്ടം ഉടമകൾക്ക് തലോടൽ. തോട്ടം മേഖലയിൽ കൂടുതൽ സ്ഥലം ടൂറിസത്തിനായി ഉപയോഗിക്കാവുന്ന വിധത്തിൽ നിയമ ഭേദഗതി കൊണ്ടുവരുമെന്ന ബജറ്റ് പ്രഖ്യാപനമാണ് ഉടമകൾക്ക് അനുകൂലമാകുന്നത്. എന്നാൽ തോട്ടം തൊഴിലാളികളെ ബജറ്റ് കണ്ടിട്ടില്ല. 2021ലാണ് എൽ.ഡി.എഫ് സർക്കാർ തോട്ടം മേഖലയിൽ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കാൻ ശുപാർശ ചെയ്യുന്ന തരത്തിൽ പ്ലാന്റേഷൻ നയത്തിൽ മാറ്റം വരുത്തിയത്.
ഇതു പ്രകാരം അടിസ്ഥാനഘടനയിൽ മാറ്റം വരുത്താതെയും പാരിസ്ഥിതികാഘാതമില്ലാതെയും അഞ്ചു ശതമാനം ഭൂമി (പരമാവധി പത്ത് ഏക്കർ) തോട്ടം ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് അനുമതി നൽകിയിരുന്നത്. ഇത് വ്യാപകമായി ഭൂമി തരം മാറ്റലിന് ഇടയാക്കുമെന്ന ആക്ഷേപവും ഉയർന്നിരുന്നു. പുതിയ ബജറ്റിൽ തോട്ടം ഭൂമി ടൂറിസം സംരംഭങ്ങൾക്കായി ഉപയോഗപ്പെടുത്താനായി ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്ന പ്രഖ്യാപനമുണ്ടെങ്കിലും എത്ര ശതമാനം ഭൂമി എന്നത് ഉൾപ്പെടെയുള്ള കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല.
വർഷങ്ങളായി കൈവശം വയ്ച്ച് വീട് നിർമിച്ച് താമസിക്കുന്ന ഭൂപരിഷകരണ നിയമ പ്രകാരം ഇളവു ലഭിച്ച തോട്ടം ഭൂമികളുടെ ഭാഗം കൈവശം വയ്ക്കുന്നവർക്കെതിരേ തോട്ടംഭൂമി തരം മാറ്റി എന്ന കാരണം പറഞ്ഞ് റവന്യൂ വകുപ്പ് നടപടി തുടരുന്നതിനിടെ വൻകിട തോട്ടങ്ങൾക്ക് യഥേഷ്ടം ഭൂമി തരം മാറ്റലിന് അനുവദിക്കുന്ന തരത്തിൽ തോട്ടംഭൂമി ഇതര ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിന് വീണ്ടും അനുമതി നൽകുന്നത് തോട്ടം മേഖല ഇല്ലാതാക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
കൂടുതൽ തോട്ടം ഭൂമി ഇതര ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതിന് അനുമതി നൽകുമ്പോൾ ടൂറിസം സംരംഭങ്ങൾക്ക് പുറമേ, നിശ്ചിത ശതമാനം ഭൂമി ബഹുവിള കൃഷിയ്ക്കായി ഉപയോഗപ്പെടുത്തുന്ന തരത്തിൽ നിജപ്പെടുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."