പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ 'പി.എം ശ്രീ' സ്‌കൂള്‍ പദ്ധതി വീണ്ടും സഭയില്‍. അടിയന്തര പ്രമേയവുമായി വീണ്ടും പ്രതിപക്ഷം രംഗത്തെത്തി. എന്നാല്‍ പ്രതിപക്ഷത്തിന്റെ വാദത്തെ വിദ്യാഭ്യാസ മന്ത്രി എതിര്‍ത്തു. ധാരണാപത്രം ഒപ്പിട്ടത് 16.10.25 നാണെന്ന് വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
ജാള്യത മറക്കാനാണ് എല്‍.ഡി.എഫ് ശ്രമം. നിങ്ങള്‍ ചെയ്തതു പോലെ നിഗൂഢമായതൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. പുതിയ സര്‍ക്കാര്‍ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പിന്മാറാന്‍ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂ. പി.എം ശ്രീ നടപ്പാക്കാന്‍ അന്നത്തെ വിദ്യാഭ്യസ മന്ത്രി വി ശിവന്‍ കുട്ടി കത്തയച്ചുവെന്ന് എന്‍.ശംസുദ്ധീന്‍ ചൂണ്ടിക്കാട്ടി. കത്തുകള്‍ അദ്ദേഹം സഭയില്‍ വായിച്ചു. വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നോട്ടിസില്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രത്തില്‍നിന്ന് പിന്മാറുന്നതിലെ നിയമസാധുതകള്‍ പരിശോധിക്കാന്‍ രൂപീകരിച്ച പ്രത്യേക മന്ത്രിസഭാ ഉപസമിതിയുടെ ആദ്യയോഗം ഇന്ന് ചേരുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക.
കേന്ദ്ര സര്‍ക്കാരുമായി ഔദ്യോഗികമായി കരാറില്‍ ഒപ്പിട്ട സാഹചര്യത്തില്‍, പദ്ധതിയില്‍നിന്ന് ഏകപക്ഷീയമായി പിന്മാറിയാല്‍ നേരിടേണ്ടി വന്നേക്കാവുന്ന നിയമപരമായ തടസങ്ങളും ഭരണഘടനാപരമായ പ്രത്യാഘാതങ്ങളുമാകും ഉപസമിതി പ്രധാനമായും പരിശോധിക്കുക എന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ട കരാറായതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയല്ലാതെ മറ്റ് നിര്‍വ്വാഹമില്ല
ല്ലെന്ന സാങ്കേതിക നിലപാടിലായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശന്‍ തുടക്കത്തില്‍ എത്തിയിരുന്നത്. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് 'കാവിവല്‍ക്കരണം' നടക്കുമെന്ന കടുത്ത ആശങ്ക ഘടകകക്ഷിയായ മുസ്ലിം ലീഗും വിവിധ സമുദായ സംഘടനകളും ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് തീരുമാനം പുനഃപരിശോധിക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
പദ്ധതി ഉപേക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി യോഗത്തില്‍ ശക്തമായ പൊതുവികാരം ഉയര്‍ന്നിരുന്നു. പാര്‍ട്ടി നേതൃത്വം അത് അംഗീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയെ കഠിനമായി എതിര്‍ത്തിരുന്ന യു.ഡി.എഫ് ഭരണത്തിലെത്തിയപ്പോള്‍ അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് വലിയ തോതില്‍ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.
പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനാണ് സമിതി അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജിഎം.ജോണ്‍, ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്, എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു എന്നിവരാണ് മറ്റ് അംഗങ്ങള്‍.
കരാറില്‍ നിന്ന് പിന്‍വാങ്ങാനോ റദ്ദാക്കാനോ ഉള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രം
കോഴിക്കോട്: പി.എം ശ്രീ കരാറില്‍ നിന്ന് പിന്‍വാങ്ങാനോ റദ്ദാക്കാനോ ഉള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രം. കരാറിലെ പതിനഞ്ചാമത്തെ വ്യവസ്ഥ ഇതാണ് വ്യക്തമാക്കുന്നത്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വരുന്ന ഭിന്നതകള്‍ കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് 16,17 വ്യവസ്ഥകള്‍ പറയുന്നു.
പി.എം ശ്രീ സ്‌കൂളുകള്‍ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പുവയ്ക്കുന്ന ധാരണാപത്രത്തിലെ ആദ്യത്തെ വ്യവസ്ഥ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാഭാഗവും നടപ്പാക്കണമെന്നതാണ്. എന്‍.ഇ.പി നേട്ടങ്ങളുടെ പ്രദര്‍ശന സ്ഥാപനമെന്ന നിലയിലാണ് പി.എം ശ്രീ സ്‌കൂളുകള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
പി.എം ശ്രീ കരാറില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പുവയ്ക്കുകയും വിവാദമാകുകയും ചെയ്തപ്പോള്‍ അധികാരത്തിലെത്തിയാല്‍ അറബിക്കടലില്‍ എറിയുമെന്ന് പറഞ്ഞ യു.ഡി.എഫ് നേതാക്കള്‍ ഇപ്പോള്‍ പഠിക്കട്ടെയെന്ന നിലപാടിലാണ്. എല്‍.ഡി.എഫാകട്ടെ ബി.ജെ.പിയുമായി യു.ഡി.എഫ് ഒത്തുകളിക്കുകയാണെന്ന് ആരോപിക്കുന്നു.
2022ല്‍ നിലവില്‍വന്ന പി.എം ശ്രീ പദ്ധതി 2027 മാര്‍ച്ച് 31ഓടെ അവസാനിക്കുകയാണ്. 14,000 സ്‌കൂളുകളെയാണ് പി.എം ശ്രീ സ്‌കൂളുകളാക്കി മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ വിഭാവനം ചെയ്തത്. കേരളം, ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലൊഴികെ 13,092 സ്‌കൂളുകള്‍ ഉണ്ട്. ഇതില്‍ കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവയെ പി.എം ശ്രീയില്‍ ഉള്‍പ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കില്ല.
33 കേന്ദ്രീയ വിദ്യാലയങ്ങളിലും 14 നവോദയകളിലും നിലവില്‍ കേരളത്തില്‍ പി.എം ശ്രീയുണ്ട്. 2024 ജൂലൈ നാലിന് പി.എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പദ്ധതിയെ വലിയതോതില്‍ പുകഴ്ത്തുന്നുണ്ട്.
pm shri scheme sparks fresh debate in the assembly as the opposition raises an adjournment motion while the education minister accuses the previous government and rejects the claims in the notice
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."