'അതിഥി തൊഴിലാളികളെക്കുറിച്ചുള്ള പരാമര്‍ശം ലജ്ജാകരം'; മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ കെ സച്ചിദാനന്ദന്‍
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപമാനകരവും ലജ്ജാകരവുമാണെന്ന് സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്‍ വിമര്‍ശിച്ചു. പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതരസംസ്ഥാന തൊഴിലാളികള്‍ ചെയ്യുന്ന സേവനത്തിനുള്ള പ്രതിഫലമാണ് അവര്‍ക്ക് നല്‍കുന്നതെന്നും അത് കേരളത്തില്‍ നിലവിലുള്ള വേതനനിരക്കിന് അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ചില സാഹചര്യങ്ങളില്‍ അവര്‍ക്ക് അതിലും കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നതെന്നും കുടുംബം പുലര്‍ത്താനാണ് സ്വന്തം നാട് വിട്ട് കേരളത്തിലെത്തി ജോലി ചെയ്യുന്നതെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
മലയാളികള്‍ മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി ജോലി ചെയ്ത് അയക്കുന്ന പണം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നല്‍കുന്ന കാര്യം മുഖ്യമന്ത്രി മറക്കരുതെന്നും, കേരളത്തിലെത്തുന്നവര്‍ വിദേശികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പ്രധാനമായും ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നതെന്നും, ഇവരിലൂടെ വലിയ തോതില്‍ പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് 'റിവേഴ്‌സ് റെമിറ്റന്‍സ്' ആയി ഒഴുകിപ്പോകുകയാണെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയമസഭാ പരാമര്‍ശം. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് സര്‍ക്കാര്‍ പഠിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ 40 മുതല്‍ 50 ലക്ഷം വരെ അതിഥി തൊഴിലാളികള്‍ ഉണ്ടെന്നും, അവര്‍ ഇവിടെ വളരെ കുറഞ്ഞ തുക മാത്രമാണ് ചെലവഴിക്കുന്നതെന്നും മദ്യപാനത്തിലൂടെ സര്‍ക്കാരിന് ലഭിക്കുന്ന നികുതിയാണ് ഇവരില്‍ നിന്നുള്ള പ്രധാന വരുമാനമെന്നും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ക്കെതിരെ വംശീയതയും അപരവിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതാണെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.
കെ സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ് . അവര്‍ ചെയ്യുന്ന സേവനത്തി ന്റെ പ്രതിഫലം ആണ് അവര്‍ക്ക് നാം നല്‍കുന്നത് അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോള്‍ അതിലും കുറവും. കുടുംബം പുലര്‍ത്താന്‍ ആണ് അവര്‍ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികള്‍ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിന്‍വലിക്കേണ്ടത്.
Writer K. Satchidanandan criticized the Chief Minister's remarks insulting migrant workers, calling them disgraceful and shameful. He also demanded that the statement be withdrawn.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."