നിയമലംഘനം നടത്തിയ പ്രമുഖ സ്വകാര്യ സർവകലാശാല പൂട്ടിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ അഡ്മിഷനുകൾ തടഞ്ഞു
ദുബൈ: യുഎഇയിലെ അക്കാദമിക് നിയമങ്ങളും നിയന്ത്രണ ചട്ടക്കൂടുകളും ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് സ്വകാര്യ സർവകലാശാലയ്‌ക്കെതിരെ കർശന നടപടിയുമായി മന്ത്രാലയം. അജ്മാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൊറൈസൺ യൂണിവേഴ്സിറ്റി കോളേജിന്റെ (Horizon University College) സ്ഥാപന ലൈസൻസും പ്രോഗ്രാം അക്രഡിറ്റേഷനുമാണ് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം റദ്ദാക്കിയത്.
കോളേജിന്റെ തുടർച്ചയായ പ്രവർത്തനം വിദ്യാഭ്യാസ നിലവാരത്തെയും അക്കാദമിക് ഫലങ്ങളുടെ വിശ്വാസ്യതയെയും ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര നടപടി.
ലൈസൻസ് റദ്ദാക്കിയതോടെ ഹൊറൈസൺ യൂണിവേഴ്സിറ്റി കോളേജിൽ ഉന്നത വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത് മന്ത്രാലയം പൂർണ്ണമായി നിരോധിച്ചു. ഇതോടെ സ്ഥാപനത്തിലെ എല്ലാത്തരം അക്കാദമിക് പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടി വരും.
വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ്
കോളേജിന്റെ ലൈസൻസ് റദ്ദാക്കൽ ബാധിച്ച വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഭാവി സംരക്ഷിക്കുന്നതിന് പരമപ്രധാനമായ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് തടസ്സമില്ലാതെ പഠനം തുടരുന്നതിനായി ഇവരെ മറ്റ് അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
ഇതിനായി മന്ത്രാലയത്തിലെ പ്രതിനിധികളും കോളേജ് അധികൃതരും ഉൾപ്പെടുന്ന ഒരു പ്രത്യേക സംയുക്ത ടാസ്‌ക് ഫോഴ്‌സ് (Task Force) രൂപീകരിച്ചു. കാര്യക്ഷമമായ ട്രാൻസ്ഫർ പ്രക്രിയ ഉറപ്പാക്കാനും വിദ്യാർത്ഥികളുടെ അക്കാദമിക് അവകാശങ്ങൾ പൂർണ്ണമായി സംരക്ഷിക്കാനും ഈ സംഘം മേൽനോട്ടം വഹിക്കും. കൃത്യമായ വിവരങ്ങൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ നിരീക്ഷിക്കാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അധികൃതർ ആവശ്യപ്പെട്ടു.
"ദേശീയ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരവും വിശ്വാസ്യതയും ആഗോള മത്സരശേഷിയും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്." ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം വ്യക്തമാക്കി.
യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടം മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. ഇതിന് മുൻപ്, 2025 ഡിസംബറിൽ ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് ഫുജൈറയിൽ പ്രവർത്തിച്ചിരുന്ന 'മിഡോഷ്യൻ സർവകലാശാല' നൽകിയ എല്ലാ യോഗ്യതകൾക്കുമുള്ള അംഗീകാരം മന്ത്രാലയം പിൻവലിച്ചിരുന്നു. ഈ സ്ഥാപനം നൽകുന്ന ബിരുദങ്ങൾ യുഎഇയിൽ തൊഴിൽ ആവശ്യങ്ങൾക്കായി സ്വീകരിക്കില്ലെന്നും അന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
The UAE Ministry of Education has shut down a prominent private university for regulatory violations and suspended new admissions, reinforcing quality standards and compliance across the country's higher education sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."