വാരാണസിയിലെ പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി റെയിൽവേ; പൊളിച്ചുനീക്കാൻ ശ്രമിച്ചത് 1000 വർഷം പഴക്കമുള്ള പള്ളി
ന്യൂഡൽഹി: വാരാണസിയിലെ കാശി റെയിൽവേ സ്റ്റേഷന് സമീപത്തെ ആയിരം വർഷത്തോളം പഴക്കമുള്ള ഗഞ്ച് ഷഹീദാൻ മസ്ജിദിനെതിരായ നീക്കത്തിൽനിന്ന് പ്രതിഷേധത്തിനൊടുവിൽ പിൻമാറി റെയിൽവേ. പള്ളിക്ക് നൽകിയ ഒഴിപ്പിക്കൽ നോട്ടിസ് മുസ്‌ലിം സംഘടനകളുടെയും പള്ളി ഭരണസമിതിയുടെയും ഇടപെടലിനെ തുടർന്ന് റെയിൽവേ പിൻവലിച്ചു.
റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞമാസം 12ന് പള്ളിയുടെ ചുവരിൽ പതിച്ച നോട്ടിസിൽ ജൂൺ 20നകം സ്ഥലം ഒഴിയണമെന്നായിരുന്നു നിർദേശം. 336 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന കാശി റെയിൽവേ സ്റ്റേഷൻ നവീകരണ പദ്ധതിക്ക് തടസമായി റെയിൽവേ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണ് പള്ളിയെന്നായിരുന്നു റെയിൽവേയുടെ വാദം. നിശ്ചിത സമയത്തിനകം ഒഴിയാത്ത പക്ഷം പൊളിച്ചുനീക്കുമെന്നും നോട്ടിസിൽ ഭീഷണിയുണ്ടായിരുന്നു.
എന്നാൽ പള്ളിയുടെ ഭരണചുമതലയുണ്ടായിരുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഈ വാദം തള്ളി. നോട്ടിസിൽ തീയതിയോ ഒപ്പോ ഔദ്യോഗിക മുദ്രയോ ഇല്ലെന്നും അതിന് നിയമസാധുതയില്ലെന്നും കമ്മിറ്റി സെക്രട്ടറി മുഹമ്മദ് യാസിൻ പറഞ്ഞു. റെയിൽവേ ഉദ്ധരിച്ച കോടതിവിധി ഈ പള്ളിയുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1034ൽ സ്ഥാപിതമായ പള്ളിയാണിതെന്നും റെയിൽവേ നിലവിൽവരുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പേ ഈ മസ്ജിദ് നിലനിന്നിരുന്നുവെന്നും വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തതാണെന്നും 1883 - 84ലെ റവന്യൂ രേഖകളിലും 1980ലെ ഭൂപടത്തിലും പള്ളി ഉൾപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. മുസ്‌ലിംകളുടെ ഉടമസ്ഥാവകാശം അംഗീകരിച്ച് റെയിൽവേ സത്യവാങ്മൂലം നൽകിയിരുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
നോട്ടിസിനെ തുടർന്ന് പ്രദേശത്ത് ആശങ്ക വ്യാപിച്ചതോടെ മുഫ്തി മൗലാന അബ്ദുൽ ബാതിൻ നുഅ്മാനിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിം നേതാക്കൾ വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് സത്യേന്ദ്ര കുമാറുമായി കൂടിക്കാഴ്ച നടത്തി. വിഷയം റെയിൽവേ അധികൃതരുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ബലപ്രയോഗ നടപടികൾ ഉണ്ടാകില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പ് നൽകുകയായിരുന്നു. തുടർന്നാണ് നോട്ടിസ് പിൻവലിച്ചെന്നും പള്ളി പൊളിച്ചുനീക്കാനുള്ള നടപടി ഉണ്ടാകില്ലെന്നും റെയിൽവേ അറിയിച്ചത്.
The Indian Railways has stepped back from its decision to evict and demolish a historic mosque located in Varanasi. Local reports and community leaders had raised strong objections, pointing out that the mosque is around 1,000 years old and holds significant cultural and historical value. Following the public pushback, the railway authorities decided to halt their demolition proceedings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."