മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ
ദുബൈ: യുഎഇയിൽ താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ മാതാപിതാക്കളെ സ്പോൺസർ ചെയ്ത് വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങളും ആവശ്യമായ പ്രധാന രേഖകളും വിശദീകരിച്ച് ഇമിഗ്രേഷൻ വിദഗ്ദ്ധർ. മാതാപിതാക്കൾ സ്വയമേവ 'ആശ്രിതർ' എന്ന വിഭാഗത്തിൽ വരാത്തതിനാൽ, അവർ പൂർണ്ണമായും നിങ്ങളെ ആശ്രയിച്ചാണ് കഴിയുന്നതെന്ന് തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) ദുബൈ അല്ലെങ്കിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വഴി അപേക്ഷിക്കുന്നതിന് മുമ്പ് താഴെ പറയുന്ന പ്രധാന രേഖകൾ കരുതേണ്ടതുണ്ട്.
ആവശ്യമായ പ്രധാന രേഖകൾ
1. ആശ്രിതത്വ സത്യവാങ്മൂലം
മാതാപിതാക്കളുടെ ഏക സംരക്ഷകൻ നിങ്ങളാണെന്നും മാതൃരാജ്യത്ത് അവരെ പരിചരിക്കാൻ മറ്റാരുമില്ലെന്നും വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് യുഎഇയിലെ സ്വന്തം രാജ്യത്തിന്റെ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ നേടണം. ഈ രേഖ യുഎഇ വിദേശകാര്യ മന്ത്രാലയം (MOFA) സാക്ഷ്യപ്പെടുത്തി, അംഗീകൃത വിവർത്തകൻ വഴി അറബിയിലേക്ക് മാറ്റേണ്ടതുണ്ട്.
2. ബന്ധവും വൈവാഹിക നിലയും തെളിയിക്കുന്ന രേഖകൾ
സ്പോൺസറുമായുള്ള ബന്ധം തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റ്. നിയമപരമായ മറ്റ് തടസ്സങ്ങളില്ലെങ്കിൽ മാതാപിതാക്കളെ ഒരുമിച്ച് സ്പോൺസർ ചെയാം. മാതാപിതാക്കളിൽ ഒരാൾ മരണപ്പെടുകയോ വിവാഹമോചിതരാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ, സാക്ഷ്യപ്പെടുത്തിയ മരണ സർട്ടിഫിക്കറ്റോ വിവാഹമോചന സർട്ടിഫിക്കറ്റോ (MOFA അറ്റസ്റ്റേഷനും അറബിക് വിവർത്തനവും സഹിതം) ഹാജരാക്കണം.
3. സാമ്പത്തിക, താമസ യോഗ്യതകൾ
ശമ്പള പരിധി: സ്പോൺസർക്ക് കുറഞ്ഞത് 20,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. (തൊഴിലുടമ താമസസൗകര്യം നൽകുന്നുണ്ടെങ്കിൽ 19,000 ദിർഹം). ഇതിനായി കഴിഞ്ഞ 3 മുതൽ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാറോ സാലറി സർട്ടിഫിക്കറ്റോ നൽകണം.
താമസ സൗകര്യം: ദുബൈയിലെ 'എജാരി' (Ejari) പോലെ രജിസ്റ്റർ ചെയ്ത വാടക കരാർ വേണം. സാധാരണയായി കുറഞ്ഞത് രണ്ട് കിടപ്പുമുറികളുള്ള (2 BHK) വീടാണ് ഇതിനായി ആവശ്യപ്പെടാറുള്ളത്.
4. മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് രേഖകൾ
- സ്പോൺസറുടെയും മാതാപിതാക്കളുടെയും കുറഞ്ഞത് 6 മാസത്തെ സാധുതയുള്ള പാസ്‌പോർട്ടുകൾ.
- സ്പോൺസറുടെ എമിറേറ്റ്സ് ഐഡി.
- യുഎഇ മെഡിക്കൽ ഫിറ്റ്‌നസ് പരിശോധനാ ഫലവും ആരോഗ്യ ഇൻഷുറൻസും.
അപേക്ഷ നൽകുന്നതിന് മുൻപ് എല്ലാ രേഖകളും കൃത്യമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നത് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.
Planning to sponsor your parents in the UAE? Learn about the mandatory documents, visa eligibility, application process, fees, and important requirements before submitting your parent residence visa application.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."