ദലിത് കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: എറിയാട് യു ബസാറിനു സമീപം വഴിതര്‍ക്കത്തെ തുടര്‍ന്ന് ദലിത് കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ചു. മൂന്നു കുടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി. അഞ്ചു പേരെ പൊലിസ് തിരയുന്നു.
യു ബസാര്‍ വടക്കുവശം കോളനിയില്‍ താമസിക്കുന്ന കിഴക്കന്‍തുരുത്തില്‍ ഉണ്ണികൃഷ്ണന്റെ വീടിനു നേരെയാണ് തിങ്കളാഴ്ച രാത്രി രണ്ടു തവണ ആക്രമണം നടന്നത്. മര്‍ദനമേറ്റ ഉണ്ണികൃഷ്ണന്‍, ഭാര്യ സതി, ബുദ്ധിവളര്‍ച്ചയില്ലാത്ത മകള്‍ രേഷ്മ എന്നിവരെ ഒ.കെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ എറിയാട് സ്വദേശികളായ ഷെഫീക്ക്(23), ഷാഫി(21), ഷെമീര്‍(21) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
കോളനിയിലെ താമസക്കാരായ മുരുക്കുംതറ ഉണ്ണികൃഷ്ണന്‍, കൊല്ലാറ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ ഏറെ നാളുകളായി വഴിതര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ കിഴക്കന്‍തുരുത്തില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ പ്രണവ് തന്റെ സുഹൃത്തായ മുരുക്കുംതറ ഉണ്ണികൃഷ്ണന്റെ മകന്‍ പ്രണവിനെ കാണുന്നതിനു തര്‍ക്കവഴിയിലൂടെ പോയതിനെച്ചൊല്ലി വാക്കേറ്റവും നടന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി തിങ്കളാഴ്ച രാത്രിയില്‍ ഒരു സംഘം ആളുകള്‍ കിഴക്കന്‍തുരുത്തില്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തി ഭാര്യ സതി, മകള്‍ രേഷ്മ എന്നിവരെ കൈയേറ്റം ചെയ്ത് വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്നു പൊലിസ് സ്ഥലത്തെത്തിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചില്ല. രാത്രി വീണ്ടും ഒരുസംഘം ഉണ്ണികൃഷ്ണനെ മര്‍ദിക്കുകയും ബൈക്ക് കേടുവരുത്തുകയും പാചകവാതക സിലിണ്ടര്‍ പുറത്തേക്കു വലിച്ചെറിയുകയും ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."