ചെങ്ങല്‍തോട് സംരക്ഷിക്കാന്‍ എം.എല്‍.എയും കലക്ടറും
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിന് റണ്‍വെ നിര്‍മാണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട് നാശോന്മുഖമായ ചെങ്ങല്‍ത്തോട് നവീകരിക്കാന്‍ നബാര്‍ഡിന്റെ സഹായത്തോടെ വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ, ജില്ലാ കലക്ടര്‍ കെ.മുഹമ്മദ്.വൈ.സഫീറുള്ള എന്നിവര്‍ അറിയിച്ചു.
മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലക്കുകയും സ്വകാര്യ വ്യക്തികള്‍ കൈയേറുകയും ചെയ്ത ചെങ്ങല്‍ത്തോടിന്റെ അവസ്ഥ കാണാന്‍ എം.എല്‍.എയും, ജില്ല കലക്ടറും നേരിട്ടെത്തി. ചെങ്ങല്‍തോടിന്റെ ഭാഗമായ നാല് പഞ്ചായത്തുകളിലേയും വിവിധ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശ നം നടത്തി. തോടിന്റെ പഴയകാല സ്ഥിതി പുനസ്ഥാപിക്കുന്നതിന് അളന്ന് തിട്ടപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
വീതിയും നീളവും വീണ്ടെടുത്ത് വശങ്ങള്‍ കരിങ്കല്‍കെട്ടി സംരക്ഷിച്ച് നീരൊഴുക്ക് സുഗമമാക്കുകയും ചെയ്യും. ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം.എല്‍.എ പറഞ്ഞു. ചെങ്ങല്‍ത്തോട് കാലങ്ങളായി പായലും മറ്റവശിഷ്ടങ്ങളും മൂടി നാമാവശേഷമാവുകയും ദുര്‍ഗന്ധം കെട്ടിയ ജലാശയമാവുകയും ചെയ്തതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനിടെ ചെങ്ങമനാട് പഞ്ചായത്തംഗം ജെര്‍ളി കപ്രശ്ശേരി അടുത്തിടെ ചെങ്ങല്‍ത്തോടിന്റെ ഭാഗമായ കപ്രശ്ശേരി പള്ളപ്പാടം ഭാഗത്ത് കൈതക്കാട്ട് ചിറയിലെ തോട്ടിലിറങ്ങി ഉപവാസ സമരം നടത്തിയതോടെയാണ് തോടിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥയെ കുറിച്ച് ചര്‍ച്ചയായത്. അതോടെ ജില്ല കലക്ടറും, എം.എല്‍.എയും ഇടപെടുകയും പരിഹാരം കണ്ടെത്തുമെന്ന് പഞ്ചായത്ത് അംഗത്തിനും നാട്ടുകാരുടെ നേതൃത്വത്തിലുള്ള സമര സമിതിക്കും ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
അതോടൊപ്പം ചെങ്ങമനാട്, നെടുമ്പാശ്ശേരി, കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും, ജനപ്രതിനിധികളും ചെങ്ങല്‍ത്തോടിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തിയിരുന്നു.
വിമാനത്താവള നിര്‍മ്മാണത്തിന്റെ ഭാഗമായി നടത്തിയ അനധികൃത കയ്യേറ്റങ്ങളും, നിര്‍മാണങ്ങളും കണ്ടെത്തുകയും, അധികൃതര്‍ക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. റണ്‍വെ നിര്‍മ്മാണത്തിന് ചെങ്ങല്‍തോട് നികത്തിയപ്പോള്‍ പകരം ജലമൊഴുക്കിനായി വിമാനത്താവള കമ്പനി വിട്ട് കൊടുത്ത തോട്ടിലാണ് സോളാര്‍ പാനല്‍ നിര്‍മ്മിക്കാന്‍ സിയാല്‍ തോടിന് കുറുകെ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പഞ്ചായത്ത് ജനപ്രതിനിധികളും, നാട്ടുകാരും ഇക്കാര്യം സ്ഥലം സന്ദര്‍ശിച്ച എം.എല്‍.എയുടെയും, ജില്ല കലക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തി.വിമാനത്താവള കമ്പനിക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ മുമ്പാകെ പ്രശ്‌നം അവതരിപ്പിക്കുമെന്നും, ജലമൊഴുക്കിന് തടസമാകുന്ന മുഴുവന്‍ അനധികൃത നിര്‍മ്മാണങ്ങളും ഒഴുപ്പിക്കുമെന്നും ഇരുവരും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആര്‍.രാജേഷ്, മിനി എല്‍ദോ,അല്‍ഫോണ്‍സ വര്‍ഗീസ്, എം.പി.ലോനപ്പന്‍, ജില്ല പഞ്ചായത്തംഗം സരള മോഹനന്‍, മുന്‍ ജില്ല പഞ്ചായത്തംഗം എം.ജെ.ജോമി, വാര്‍ഡ് മെമ്പര്‍ ജെര്‍ളി കപ്രശ്ശേരി, ബ്‌ളോക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, ചെങ്ങമനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ഏല്യാസ്, സെക്രട്ടറി ടി.ആര്‍.മോന്‍ കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ദിലീപ് കപ്രശ്ശേരി, ലത ഗംഗാധരന്‍, ടി.കെ.സുധീര്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം.കുഞ്ഞുമുഹമ്മദ്, മനോജ്.പി.മൈലന്‍ തുടങ്ങിയവരും സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."