കനോലി കനാലിന് മരണമണി മുഴങ്ങുന്നു
കയ്പമംഗലം: ജലഗതാഗതം, മത്സ്യബന്ധനം, കാര്‍ഷിക ജലസേചനം, വിനോദസഞ്ചാരം തുടങ്ങിയവക്കു ഉപയോഗപ്പെടുത്താന്‍ വലിയ സാധ്യതകളുള്ള കനോലി കനാല്‍ അവഗണനമൂലം അകാല നാശത്തിലേക്ക്. കൈയേറ്റവും മാലിന്യനിക്ഷേപവും കുളച്ചണ്ടി, പായല്‍ വളര്‍ച്ചയുമാണ് കനാലിനെ നാശോന്മുഖമാക്കുന്നത്.
അറബിക്കടലിനു കിഴക്കു തീരദേശത്തിന്റെ ഓരത്തുള്ള വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികളുടെ അന്നത്തിന്റെ ആശ്രയം കൂടിയായ കനാല്‍ വറ്റ, കൊഞ്ച്, വാള, കൂരി, ചെമ്മീന്‍, കാളാഞ്ചി, കണമ്പ്, തിരുത, പ്രായല്‍, പൂമീന്‍, ഞെണ്ട്, ആരല്‍ എന്നിവയുടെ ആവാസകേന്ദ്രം കൂടിയാണ്. എന്നാല്‍, വാള, ഞെണ്ട്, ആരല്‍ തുടങ്ങി നിരവധി മീനുകള്‍ക്കു വംശനാശം വന്നുകഴിഞ്ഞു. ചേറ്റുവയില്‍ നിന്ന് കോട്ടപ്പുറം വരെ നീണ്ടുകിടക്കുന്ന കനാലിനു നേരത്തെ 7050 മീറ്റര്‍ വരെ വീതിയുണ്ടായിരുന്നെങ്കിലും ഇപ്പോഴിതു പലയിടങ്ങളിലും 20നു താഴെയായി ചുരുങ്ങിയിട്ടുണ്ട്.
പുഴയുടെ ചില ഭാഗങ്ങള്‍ സ്വകാര്യവ്യക്തികള്‍ കൈയേറിയിട്ടുണ്ട്. ഇവിടെ തെങ്ങ്, കവുങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുമുണ്ട്.
ഇരുകരയിലുമുള്ള കശാപ്പുശാലകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമുള്ള അറവുമാലിന്യം, ഭക്ഷണ-രാസ-പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് കനാലിന്റെ നാശത്തിനു വഴിവയ്ക്കുന്നത്. മത്സ്യകാപ്പുകളില്‍ നിന്നുള്ള പായലുകള്‍ തള്ളാനും കനാലിനെ തന്നെയാണ് കാപ്പുലേലക്കാര്‍ ഉപയോഗിക്കുന്നത്.
പാടങ്ങളില്‍ ഉപയോഗിക്കുന്ന വീര്യംകൂടിയ കളനാശിനികള്‍ കനാലിലേക്കു തള്ളുന്നത് ജൈവ, മത്സ്യ സമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. പുറമെ, ഒറ്റുവലകളും അരിപ്പവലകളും അടമ്പുവലകളും ഉപയോഗിച്ച് പ്രജനന സമയത്തു മത്സ്യങ്ങളെ വേട്ടയാടുന്ന സംഘവും കനാല്‍തീരത്ത് സജീവമായത് മത്സ്യസമ്പത്തിനെ നശിപ്പിക്കുന്നു. കാട്ടൂര്‍, എടത്തിരുത്തി, പടിയൂര്‍, കയ്പമംഗലം, പെരിഞ്ഞനം, മതിലകം, എസ. എന്‍ പുരം തുടങ്ങിയ പഞ്ചായത്തുകള്‍ പുഴയുടെ കര പങ്കിടുന്നവയാണ്.
അതതു ഭാഗത്തുള്ള തദ്ദേശസ്ഥാപനങ്ങളാണ് കൈയേറ്റവും മാലിന്യനിക്ഷേപങ്ങളും തടയേണ്ടത്. എന്നാല്‍, അധികൃതരും രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവര്‍ത്തകര്‍പോലും പുഴയെ കൈയൊഴിഞ്ഞ അവസ്ഥയാണ്.
വല്ലപ്പോഴും മത്സ്യത്തൊഴിലാളികളാണ് ചെറിയ പ്രതിഷേധങ്ങളെങ്കിലും ഉയര്‍ത്തുന്നത്. 1848ല്‍ കനോലി സായിപ്പ് നിര്‍മിച്ച പുഴ കൊടുങ്ങല്ലൂരില്‍ നിന്നു ചാവക്കാട്, പൊന്നാനി ഭാഗത്തേക്കും തിരിച്ചും സഞ്ചരിക്കാനുള്ള എളുപ്പവഴിയായിരുന്നു. ഇന്നു കുളവാഴകളും പായലും ചണ്ടിയും അടിഞ്ഞ് സഞ്ചാര യോഗ്യമാല്ലാതായ കനാലില്‍ മത്സ്യബന്ധനം പോലും ദുഷ്‌കരമായിരിക്കുകയാണ്.
കാട്ടൂര്‍, കാറളം, പടിയൂര്‍, ഇരിങ്ങാലക്കുട ഭാഗത്തു സജീവമായ കേരള മത്സ്യത്തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകര്‍ കനോലി കനാലിനെ രക്ഷിക്കാന്‍ ജലവിഭവ വകുപ്പ് അടക്കമുള്ള അധികാരികള്‍ക്കു നിരവധിതവണ പരാതികള്‍ നല്‍കുകയും സമരങ്ങള്‍ നടത്തുകയും ചെയ്തുവെങ്കിലുംകൈയേറ്റങ്ങള്‍ തിരിച്ചുപിടിക്കാനോ മാലിന്യനിക്ഷേപം നിയന്ത്രിക്കാനോ അനധികൃത മത്സ്യബന്ധനം തടയാനോ അധികൃതര്‍ തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."