കേരളത്തിന്റെ തനത് മൂല്യങ്ങള്‍ കവരാന്‍ അനുവദിക്കരുത്: സച്ചിദാനന്ദന്‍
ദോഹ: കേരളത്തിന്റെ തനത് മൂല്യങ്ങളിലൊന്നായ മതസൗഹാര്‍ദം വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതച്ച് കവരാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ ജാഗ്രത്തായി നിലകൊള്ളുക എന്നത് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംഘടനകളുടെയും കര്‍ത്തവ്യമാണെന്ന് കവി സച്ചിദാനന്ദന്‍. കേരളം ഇന്ന് കാണുന്ന അവസ്ഥയെ പഴയ കാലത്ത് തന്നെ കവികളും ചിന്തകരും പ്രവചിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ തനത് സാംസ്‌കാരിക വേദിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സാംസ്‌കാരിക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒട്ടേറെ എഴുത്തുകാര്‍ ഈ വര്‍ത്തമാന പ്രതിസന്ധിയെ മുന്‍കൂട്ടി കണ്ടിട്ടുണ്ട്. '' നാവില്‍ കനത്തൊരു കല്ലുകെട്ടിത്തൂക്കുമൊരു കെടു നിമിഷം വരുന്നു'' എന്ന് കെ.ജി ശങ്കരപിള്ളയും '' പകലേ നമ്മള്‍ വെട്ടിയ നീളം മുഴുവനും ഒരു വലിയാല്‍ പിറകോട്ടാക്കാന്‍ ഏതോ ഒരു ഇരുണ്ട ശക്തി വരുന്നു'' എന്ന് ആറ്റൂര്‍ രവിവര്‍മയുമൊക്കെ പാടിയത് കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്. '' നമ്മെ വിഭജിക്കുന്ന, നമ്മെ നാമല്ലാതാക്കുന്ന ശക്തിയെ കീഴിപ്പെടുത്താന്‍ നാം ഇന്നും വളര്‍ന്നില്ലല്ലോ'' എന്ന് വൈലോപ്പിള്ളി ആധിപൂണ്ടു. നമ്മുടെ സ്വത്വം, തനിമ, നമ്മുടെ പ്രിയങ്കരങ്ങളായ ഓര്‍മകള്‍ നമ്മുടെ ബന്ധങ്ങള്‍ ഇവയെല്ലാം നിരന്തരമായി നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന് അനേകം എഴുത്തുകാര്‍, ചിന്തകര്‍, കവികള്‍ വളരെ മുമ്പേ തന്നെ താക്കീത് നല്‍കിയിട്ടുണ്ട്.
നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന തനതില്‍ പ്രധാനമാണ് മലയാള ഭാഷ. ലോകം മുഴുവനുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന ഘടകം മലയാള ഭാഷയാണ്. ഭാഷ വാക്കുകളുടെ കൂട്ടമല്ല, മറിച്ച് ഒരു ജനത ജീവിതത്തെ നോക്കിക്കാണുന്ന രീതിയാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും സാമ്പത്തികവുമായ വ്യതിയാനങ്ങള്‍ കൊണ്ടും ആഗോളീകരണത്തിന്റെ ദുഷ്പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നമ്മുടെ സാംസ്‌കാരിക ജാഗ്രത പൂര്‍ണമായും നഷ്ടപ്പെടുമ്പോഴാണ് നാം മറ്റ് ഭാഷകളുടെ അടിമകളായി മാറുന്നത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെ നില്‍ക്കുന്നു എന്നതാണ് കേരളത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ എല്ലാ ഭാഗങ്ങളിലും മഹാവിഷ്ണുവിനെ ആരാധിക്കുമ്പോള്‍ നാം കേരളീയര്‍ മഹാവിഷ്ണുവിനാല്‍ ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നത് ഇത് കാണിക്കുന്നു.
എഴുത്തച്ഛന്‍ രാമായണം രചിച്ചത് തന്റെ എഴുത്താണി കൊണ്ട് ചാതുര്‍വര്‍ണ്യവ്യവസ്ഥയെ കുത്തിക്കീറിയാണ്. കുഞ്ചന്‍ നമ്പ്യാര്‍ പൗരാണിക സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചു. ഈ വെല്ലുവിളികളുടെ സമാഹാരമാണ് കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍. ശ്രീനാരായണ ഗുരു, ഡോ. പല്‍പ്പു, വി.ടി ഭട്ടതിരിപ്പാട്, മക്തി തങ്ങള്‍, എബ്രഹാം മല്‍പാന്‍, അയ്യങ്കാളി, കെ.പി കറുപ്പന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയവര്‍ പല ഘട്ടങ്ങളിലായി ഈ നവോത്ഥാനത്തിന് നേതൃത്വം നല്‍കി. നാരായണ ഗുരു ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചു. ന്യൂനപക്ഷവും ദലിതരും അവശവിഭാഗവും സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തി. നാടുവാഴിത്തത്തിനും കൊളോണിയലിസത്തിനുമെതിരായ സമരങ്ങള്‍, അനേകം മാസികകളുടെയും പത്രങ്ങളുടെയും സാഹിത്യ സംഘങ്ങളുടെയുമൊക്കെ വരവ് തുടങ്ങിയവ ഈ അട്ടിമറികളില്‍പ്പെട്ടതാണ്. പഴയ കാലത്തേക്കുള്ള ഒരു തിരിച്ചുപോക്ക് (റിവൈവലിസം) അല്ല തനത് കൊണ്ട ഉദ്ദേശിക്കുന്നത്. മറിച്ച് പല കാലങ്ങളിലൂടെ രൂപപ്പെട്ട് വന്ന നമ്മുടെ തനിമയെ ആഘോഷിക്കുകയാണ് ചെയ്യുന്നതെന്നും സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
ജാതികള്‍ ക്രമേണ പാര്‍ട്ടികളായി രൂപപ്പെട്ട് വിലപേശല്‍ ശക്തിയായി മാറുകയും മതങ്ങള്‍ അതിന്റെ ആത്മാവ് നഷ്ടപ്പെട്ട വര്‍ഗീയതയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഹിന്ദു മഹാസഭയിലൂടെയും ആര്‍.എസ്.എസിലൂടെയുമൊക്കെ വളര്‍ന്നുവന്നിരുന്ന വര്‍ഗീയത കേരളം പോലെ സൗഹാര്‍ദ്ദാന്തരീക്ഷം നിലനിന്നിരുന്ന ഒരു സംസ്ഥാനത്തേക്ക് കൂടി ആവാഹിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിമായി ജീവിക്കുന്നതും മുസ്‌ലിമായി ഭക്ഷണം കഴിക്കുന്നതും മുസ്‌ലിമായി ചിന്തിക്കുന്നതും രാജ്യദ്രോഹമായി കാണുന്ന ഒരു ചിന്താ സമ്പ്രദായത്തിലേക്ക് നമ്മുടെ നാട് മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മളുള്ളത്. പാകിസ്താന്‍ അല്ലെങ്കില്‍ ഖബറിസ്താന്‍ എന്ന് മുസ്‌ലിംകളോട് മാത്രമല്ല മുസ്‌ലിംകളോട് അനുഭാവം പുലര്‍ത്തുന്ന എഴുത്തുകാരോടും ചിന്തകരോടും പറയുന്നു. അതാണ് അനന്തമൂര്‍ത്തിക്ക് പാകിസ്താനിലേക്കുള്ള ടിക്കറ്റ് അയച്ചുകൊടുത്തത്. അത് തന്നെയാണ് ഗിരീഷ് കര്‍ണാടിനോടും നന്ദിതാ ബോസിനോടും ദീപ മേത്തയോടും അമീര്‍ഖാനോടും ഷാരൂഖ് ഖാനോടും പറയുന്നത്. ഇങ്ങനെ പോയാല്‍ താമസിയാതെ പാകിസ്താന്‍ ലോക സംസ്‌കാരത്തിന്റെ കേന്ദ്രമായി മാറുമെന്ന് അദ്ദേഹം പരിഹസിച്ചു. നമ്മുടെ സമൂഹത്തെ വിഷം വമിച്ച് വീണ്ടും വിഭജിച്ച് കൊണ്ടിരിക്കുന്ന വേളയിലാണ് നമ്മുടെ സംസ്‌കാരത്തിന്റെ വീണ്ടെടുപ്പിനെക്കുറിച്ച് നാം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. അവിടെയാണ് തനത് എന്ന സങ്കല്‍പത്തിന്റെ അനിവാര്യത എന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
തനത് സാംസ്‌കാരിക വേദി പ്രസിഡന്റ് എ.എം നജീബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, കവിതയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സച്ചിദാനന്ദനെയും പത്രപ്രവര്‍ത്തനത്തില്‍ അരനൂറ്റാണ്ടിലേറെയായി നിറഞ്ഞുനില്‍ക്കുന്ന ജമാല്‍ കൊച്ചങ്ങാടിയെയും ആദരിച്ചു. സച്ചിദാനന്ദന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) പ്രസിഡന്റ് അരവിന്ദ് പാട്ടീലും ജമാല്‍ കൊച്ചങ്ങാടിക്ക് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ഗിരീഷ് കുമാറും മെമന്റോ കൈമാറി. തനതിന്റെ ലോഗോ പ്രകാശനം ജമാല്‍ കൊച്ചങ്ങാടി നിര്‍വഹിച്ചു. ഗിരീഷ് കുമാര്‍, അരവിന്ദ് പാട്ടീല്‍, എഴുത്തുകാരി ഷീല ടോമി, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി മുജീബ് റഹ്മാന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം.ടി നിലമ്പൂര്‍ ആശംസകള്‍ അര്‍പ്പിച്ചു.
തനത് സാംസ്‌കാരിക വേദി ജനറല്‍ സെക്രട്ടറി എം.ടി.പി റഫീക്ക് സ്വാഗതവും സെക്രട്ടറി നവാസ് പാടൂര്‍ നന്ദിയും പറഞ്ഞു. അസീസ് വടക്കേക്കാട്, രാഹുല്‍ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച തീന്‍മേശയിലെ ദുരന്തം എന്ന നാടകവും റഫീക്ക്, അക്ബര്‍ എന്നിവര്‍ അവതരിച്ച് കരൊക്കേ ഗാനമേളയും തനത് തീം സോങ് അവതരണവും വേദിയില്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."