ശരീഅത്ത് സംരക്ഷണവും മുസ്‌ലിം കൂട്ടായ്മയും
ഇസ്‌ലാം അല്ലാഹുവിന്റെ വ്യവസ്ഥിതിയാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. മനുഷ്യ ജീവിതത്തില്‍ പാലിക്കാന്‍ അല്ലാഹു നിശ്ചയിച്ച നിയമങ്ങളും ചട്ടങ്ങളുമാണ് ശരീഅത്ത്. ഇസ്്‌ലാമിക ശരീഅത്ത് സര്‍വജനീനവും സാര്‍വലൗകീകവും കാലികവുമാണ്. മനുഷ്യ ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പര്‍ശിക്കുന്ന ശരീഅത്ത് നിയമങ്ങള്‍ ഭേദഗതികള്‍ക്കതീതമാണ്. വിവിധ മതനിയമങ്ങളും ഭരണഘടനകളും കാലോചിതമായി പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് വ്യവസ്ഥിതിപോലും നൂറ് വര്‍ഷം തികയുംമുമ്പ് പരിഷ്‌കരിക്കേണ്ടി വന്നു. ഇസ്്‌ലാമിക നിയമങ്ങള്‍ 14 നൂറ്റാണ്ടായി അന്യൂനമായി നിലനിന്ന് വരുന്നു. പ്രപഞ്ചനാശം വരെ ഒരു പോറലുമേല്‍ക്കാതെ അത് നിലനില്‍ക്കുകയും ചെയ്യും.
മുന്നില്‍നിന്നോ പിന്നില്‍നിന്നോ യാതൊരു നിരര്‍ഥകതയും അതിനെ ബാധിക്കുകയില്ല. തന്ത്രജ്ഞനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍നിന്ന് അവതരിച്ചതാണ് അത്. (വി.ഖു 41:42)
സമഗ്രവും സമ്പൂര്‍ണവുമായ ശരീഅത്ത് നിയമങ്ങള്‍ക്ക് പകരംവയ്ക്കാന്‍ എന്ത് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരം ഇല്ല. ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൂത മതനിയമങ്ങള്‍ അപൂര്‍ണമാണ്. ഉള്ള നിയമങ്ങള്‍ തന്നെ പലപ്പോഴും പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായതുമാണ്.
ആയിരക്കണക്കിന് ശരീഅത്ത് നിയമങ്ങളില്‍ പ്രതിയോഗികള്‍ പരിഷ്‌കരണം ആവശ്യപ്പെടുന്നത് വിവാഹമോചനം, ബഹുഭാര്യാത്വം, അനന്തരാവകാശ സ്വത്തിന്റെ വിഭജനം തുടങ്ങിയ ഏതാനും വിഷയങ്ങളിലെ ചില കാര്യങ്ങളെകുറിച്ച് മാത്രമാണ്. ആ കാര്യങ്ങളെകുറിച്ച് നൂലിഴകീറി പരിശോധിച്ചാല്‍ നിയമങ്ങള്‍ക്കല്ല കുഴപ്പം, പ്രത്യുത നിയമങ്ങളുടെ ദുരുപയോഗമാണ് പ്രശ്‌നമെന്ന് കണ്ടെത്താനാകും. നിയമങ്ങളുടെ ദുരുപയോഗം തടയാന്‍ ബോധവല്‍കരണമാണ് പ്രതിവിധി. പരിഷ്‌കരണം പരിഹാരമല്ല.
വിവാദ വിധേയമായ മുത്വലാഖ് പരിശോധിക്കാം. വിവാഹമോചനത്തിനുള്ള മൂന്ന് ചാന്‍സ് ഒറ്റത്തവണയായി ഉപയോഗപ്പെടുത്തലാണ് മുത്വലാഖ്. മുത്വലാഖ് നിരോധിക്കണമെന്നാണ് പ്രതിയോഗികളുടെ ആവശ്യം. പരപുരുഷബന്ധത്താലോ മറ്റോ ഒരുനിലയിലും വിവാഹബന്ധം തുടരാനാഗ്രഹിക്കാത്ത കേസിലാണ് മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലി ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തുക. ഇവിടെ മുത്വലാഖ് നിരോധിച്ചതുകൊണ്ട് മാത്രം അന്തസുള്ള ഒരു പുരുഷന്‍ പരപുരുഷബന്ധം തുടരുന്ന ഒരു സ്ത്രീയെ തന്റെ ജീവിതപങ്കാളിയായികൊണ്ട് നടക്കാന്‍ തയാറാകില്ല.
മുത്വലാഖ് നിരോധിച്ചാല്‍ നിയമം ദുരുപയോഗം ചെയ്യുന്നവന്‍ മുത്വലാഖില്‍നിന്ന് വിട്ടുനില്‍ക്കുമെന്നത് ശരി. പക്ഷെ, മൂന്ന് പ്രാവശ്യമായി ഉടനെ മൂന്ന് ത്വലാഖ് ചൊല്ലുകയാണെങ്കില്‍ എന്ത് ചെയ്യും? അന്യായമായ മാര്‍ഗങ്ങളില്‍നിന്ന് മനുഷ്യനെ തടയാന്‍ നിയമംകൊണ്ട് മാത്രമാകില്ല. മതബോധം വര്‍ധിപ്പിക്കുക മാത്രമാണ് പ്രതിവിധി.
ശരീഅത്ത് നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതോ പരിഷ്‌കരിക്കുന്നതോ ഒരു കാരണവശാലും മുസ്്‌ലിംകള്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് മുസ്്‌ലിംലീഗ് വിളിച്ചുചേര്‍ത്ത മുസ്്‌ലിം മത സംഘടനകളുടെ യോഗതീരുമാനം അതാണ് വ്യക്തമാക്കുന്നത്.
പൊതുവിഷയമെന്ന നിലയില്‍ മുഴുവന്‍ മതസംഘടനകളും ഈ യോഗത്തില്‍ പങ്കെടുത്തുവെന്നത് തന്നെ ശ്രദ്ധേയമാണ്. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ക്ക് മുത്വലാഖിനെകുറിച്ച് വേറിട്ട ചില അഭിപ്രായമുണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അത്തരം അഭിപ്രായങ്ങള്‍ ശരീഅത്ത് സംരക്ഷണാര്‍ഥം മാറ്റിവയ്ക്കാന്‍ കാണിച്ച ഉദാരമനസ്‌കതയെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. ഏക സിവില്‍കോഡെന്ന ദുര്‍ഭൂതത്തെ തടയാന്‍ വിവേകപൂര്‍ണമായ നിലപാട് മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ സ്വീകരിച്ചപ്പോള്‍, ശരീഅത്ത് സംരക്ഷണ സംയുക്ത നീക്കത്തില്‍നിന്ന് വിട്ടുനിന്ന ഒരു വിഭാഗമുണ്ടെന്നത് ഖേദകരമാണ്.
കേരളത്തിലെ മുസ്്‌ലിം സംഘടനകള്‍ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവച്ച് ശരീഅത്തിന് വേണ്ടി ഒന്നിച്ചപ്പോള്‍ വിഘടിച്ച്‌നിന്ന ഒരേയൊരു സംഘടന കാന്തപുരം വിഭാഗമാണ്. മോദിയുടെ സൂഫി സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത ഒരേയൊരു വിഭാഗവും ഇവരത്രെ.
1985 ല്‍ സുപ്രീംകോടതി വിവാഹമോചിതയായ സ്ത്രീക്ക് ആജീവനാന്തം ചെലവിന് കൊടുക്കണമെന്ന് വിധിച്ചപ്പോള്‍ ഇന്ത്യന്‍ മുസ്്‌ലിംകള്‍ സമരരംഗത്തിറങ്ങി. വിവാഹമോചിതയായ സ്ത്രീക്ക് ആജീവനാന്തം ചെലവ് നല്‍കാന്‍ ശരീഅത്തില്‍ വകുപ്പില്ല. ആള്‍ ഇന്ത്യാ മുസ്്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തിലായിരുന്നു അന്ന് സമരം. ഇന്ത്യയിലെ എല്ലാ മുസ്്‌ലിം സംഘടനകളും ഒരുമിച്ച് നിന്നപ്പോള്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 1986 ല്‍ ശരീഅത്ത് സംരക്ഷണ ബില്‍ പാസാക്കി സുപ്രീംകോടതി വിധി മറികടന്നു.
നിര്‍ണായകമായ മുസ്്‌ലിം സംഘടനകളുടെ മുന്നേറ്റത്തിന് അക്കാലത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശക്തി പകര്‍ന്നു. സമസ്ത ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്്‌ലിയാരായിരുന്നു കോഴിക്കോട് നടത്തിയ ശരീഅത്ത് സമ്മേളനത്തില്‍ സമസ്തയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. വിവിധ മുസ്്‌ലിം സംഘടനകള്‍ പങ്കെടുത്ത ശരീഅത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത ശംസുല്‍ ഉലമ, മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളോടൊപ്പം വേദി പങ്കിട്ടെന്ന് പറഞ്ഞ് അന്ന് സമസ്തയില്‍നിന്ന് വേറിട്ട് പോയവരാണ് കാന്തപുരം വിഭാഗം.
ഒരു കാരണവശാലും മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളുടെ കൂടെ വേദി പങ്കിടാന്‍ പാടില്ലെന്ന പുതിയ സിദ്ധാന്തം അവര്‍ ആവിഷ്‌കരിച്ചു. സുന്നി ആദര്‍ശ തീവ്രതയുള്ള പലരും ഇതില്‍ വഞ്ചിക്കപ്പെട്ടു. സുന്നിക്ക് കമ്യൂണിസ്റ്റാകാം, പക്ഷെ, മുസ്‌ലിംലീഗാവാന്‍ പാടില്ല എന്ന മറ്റൊരു നിലപാടും അവര്‍ പ്രഖ്യാപിച്ചു. ലീഗില്‍ വഹാബിയുണ്ടെന്നതാണ് അതിന് പറഞ്ഞ കാരണം. പുതിയ സംഘടനക്ക് ലീഗ് വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കിട്ടാന്‍ ഇത് സഹായകമായി.
തുടര്‍ന്ന് തെരഞ്ഞെടുപ്പുകളില്‍ മുജാഹിദുകളായ സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ ഇവര്‍ ആഹ്വാനം ചെയ്തു. മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങളോടുള്ള ഈ കടുത്ത എതിര്‍പ്പ് നിഷ്‌കളങ്കരായ ചില സുന്നികളെ ആവേശഭരിതരാക്കി. ഈ നിലപാട് ഇത്രയും കാലം കാന്തപുരം തുടര്‍ന്നിരുന്നെങ്കില്‍ കോഴിക്കോട് മുസ്്‌ലിം സംഘടനകളുടെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതിന് ന്യായീകരണമുണ്ടാകുമായിരുന്നു.
ഓരോ വര്‍ഷവും വിശുദ്ധ റമദാനില്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട് വച്ച് തന്നെ മുസ്്‌ലിം സംഘടനകളുടെ ഇഫ്താര്‍ സൗഹൃദ മീറ്റ് സംഘടിപ്പിക്കാറുണ്ട്. കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധികളും അതില്‍ മുടങ്ങാതെ പങ്കെടുക്കാറുണ്ട്. സംഘടനാ രൂപീകരണ വേളയില്‍ നൂതന വാദികളോടൊപ്പം വേദി പങ്കിടാന്‍ പാടില്ലെന്ന നിലപാട് ഉറക്കെ പറഞ്ഞെങ്കിലും പിന്നീട് എല്ലാ പൊതുവേദികളിലും അവരുടെ പ്രതിനിധികളും മുടങ്ങാതെ പങ്കെടുക്കാറുണ്ട്. ഏറ്റവും അവസാനം നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഉദ്ഘാടനത്തിലും പങ്കെടുത്തു.
ശരീഅത്ത് നിയമങ്ങള്‍ അവസാനിപ്പിക്കാനും ഏക സിവില്‍കോഡ് നടപ്പില്‍ വരുത്താനും കേന്ദ്ര ഭരണകൂടം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി വരുന്നു. ദലിത്, മുസ്്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. വ്യാജ ഏറ്റുമുട്ടലുകള്‍ കൂടി വരുന്നു. കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകര്‍ മുസ്്‌ലിം ചെറുപ്പക്കാരാണ്. അത്യന്തം സുരക്ഷാ സംവിധാനങ്ങളുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇവര്‍ ഒരുമിച്ച് ജയില്‍ ചാടിയെന്നും നിരായുധരായ അവര്‍ പൊലിസുകാരുമായി ഏറ്റുമുട്ടിയെന്നും പറയുന്ന സംഭവം ബുദ്ധിക്ക് വഴങ്ങാന്‍ ഇത്തിരി പ്രയാസമുണ്ട്. പ്രതിപക്ഷ കക്ഷികള്‍ സംഭവത്തില്‍ സംശയം പ്രകടിപ്പിക്കുകയും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തുകഴിഞ്ഞു. പല ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടത് ഇതിനോട് ചേര്‍ത്ത് വായിക്കുക. ഭീതിതമായ ഈ സാഹചര്യത്തില്‍ മുസ്‌ലിം കൂട്ടായ്മയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള നീക്കം പുനഃപരിശോധിച്ചുകൂടേ? സംഘ്പരിവാര്‍ ബന്ധവും ബന്ധനവും മുസ്്‌ലിം ഉമ്മത്തിന്റെ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടത്തിന് തടസ്സമാകുമോ? വിവേകവും കാര്യബോധവുമുള്ള ആരും അക്കൂട്ടത്തിലില്ലേ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."