കൃഷ്ണഗിരിയില്‍ നാളെ ഗംഭീര്‍-ധവാന്‍ കാര്‍ണിവല്‍
കൃഷ്ണഗിരി: രഞ്ജി ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ നാളെ കൃഷ്ണഗിരിയില്‍ ഡല്‍ഹിയും രാജസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ ഓപ്പണര്‍മാരായ ഗൗതം ഗംഭീറും ശിഖര്‍ ധവാനും ഡല്‍ഹിക്കായി കളിക്കാനെത്തിയതോടെ വന്‍ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച ഉന്മുക്ത് ചന്ദാണ് ഡല്‍ഹി ടീമിന്റെ നായകന്‍.
ഈ സീസണില്‍ മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ഡല്‍ഹിയുടെ മറ്റൊരു പ്രധാന താരം. പങ്കജ്് സിങ്ങിന്റെ നായകത്വത്തിലാണ് രാജസ്ഥാന്‍ ടീം കളത്തിലിറങ്ങുന്നത്.
ഐ.പി.എല്‍ താരം രജത് ഭാട്ടിയ, രാജേഷ് ബിഷ്‌ണോയി, അശോക് മനേരിയ, വിനീത് സക്‌സേന, തുടങ്ങിയവരും രാജസ്ഥാനു വേണ്ടി കളിക്കും. ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി ഒരു വിജയവും ഒരു തോല്‍വിയും മൂന്നു സമനിലകളുമായി 12 പോയിന്റോടെ നിലവില്‍ നാലാം സ്ഥാനത്താണ് ഡല്‍ഹി.
ആറ് മത്സരങ്ങളില്‍ നിന്നും ഒരു വിജയവും രണ്ട് തോല്‍വിയും മൂന്നു സമനിലകളുമായി ആറാം സ്ഥാനത്താണ് രാജസ്ഥാന്‍.
ഒക്ടോബര്‍ 27ന് ഇന്ത്യന്‍ താരം ഫായിസ് ഫസല്‍ നയിച്ച വിദര്‍ഭയും സൗരഭ് തിവാരിയുടെ നേതൃത്വത്തിലുള്ള ജാര്‍ഖണ്ഡുമായായിരുന്നു ആദ്യ മത്സരം. ഈമാസം 29ന് ഒഡിഷ മഹാരാഷ്ട്രയുമായും കൃഷ്ണഗിരിയില്‍ ഏറ്റുമുട്ടും.
മുന്‍ ഓസീസ് ഇതിഹാസം ജെഫ് തോംസന്റെ കീഴില്‍ നടന്ന പരിശീലനക്യാംപിന് ശേഷം വീണ്ടും ക്രിക്കറ്റ് ആരവങ്ങളിലലിയുകയാണ് സമുദ്രനിരപ്പില്‍ നിന്ന് 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കൃഷ്ണഗിരി ഹൈ ആള്‍റ്റിട്ട്യൂഡ് സ്റ്റേഡിയം. മത്സരങ്ങള്‍ക്ക് സ്റ്റേഡിയം സജ്ജമാണെന്നും പരിശീലനം നടത്താനെത്തിയ താരങ്ങളെല്ലാം സംതൃപ്തരാണെന്നും സംഘാടകര്‍ അറിയിച്ചു.
കൃഷ്ണഗിരിയില്‍ ഇത് രണ്ടാം തവണയാണ് രഞ്ജി ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം രഞ്ജിയിലെ കേരളത്തിന്റെ ആദ്യമത്സരങ്ങള്‍ക്കും ഈ വര്‍ഷം ആഗസ്തില്‍ ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ സീരീസിനും ഇതേ ഗ്രൗണ്ട് വേദിയായിരുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള നിലവിലെ ഡ്രസ്സിങ് റൂം, ജിംനേഷ്യം, ഇന്‍ഡോര്‍ സ്‌റ്റേഡിയം എന്നിവയ്‌ക്കൊപ്പം മികച്ച സ്‌പോര്‍ട്ടീവ് വിക്കറ്റായിരിക്കും മത്സരങ്ങള്‍ക്കൊരുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."