കൃത്യനിര്‍വഹണത്തിലുള്ള അലംഭാവം അഴിമതിയായി കണക്കാക്കുമെന്ന്
പാലക്കാട്: പ്രതികരണ ശേഷിയില്ലാത്ത സമൂഹമാണ് നാടിന്റെ ശാപമെന്നും അഴിമതിക്ക് കാരണമെന്നും ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ പറഞ്ഞു. അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് സമ്മേളനഹാളില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരേ വിരല്‍ ചൂണ്ടുന്ന ഒരു സമൂഹം വളര്‍ന്നു വരേണ്ടതുണ്ട്. കേരളം താരതമ്യേന അഴിമതി കുറവുള്ള സംസ്ഥാനമാണ്.
ലോകത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ അഞ്ച് ശതമാനം അഴിമതിക്കാരുടെ കയ്യിലാണ്. നിയമങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ മുന്നൊരുക്കവും ആലോചനയും അത്യാവശ്യമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നത് മാത്രമല്ല അഴിമതി എന്നും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിക്കുന്നതും അഴിമതിയാണ്.
അഴിമതി പൗരന്മാരോട് കാണിക്കുന്ന വിശ്വാസ വഞ്ചനയും ചതിയും കാപട്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക -സാമ്പത്തിക വികസനത്തെ കാര്‍ന്ന് തിന്നുന്ന വിപത്തായി അഴിമതി മാറിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ അഴിമതി എങ്ങനെ വിദ്യാഭ്യാസം, ആരോഗ്യം, ജനാധിപത്യ, നീതി മേഖലകളിലെ വികസനത്തെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് മുഖ്യ അജന്‍ഡയായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
അഴിതിക്കെതിരേ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് പരിപാടിയില്‍ അധ്യക്ഷയായ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി പറഞ്ഞു. അസി.കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എ.ഡി.എം. എസ്. വിജയന്‍, വിജിലന്‍സ് ഡിവൈ.എസ്.പി. എം. സുകുമാരന്‍, വിശ്വാസ് സെക്രട്ടറി അഡ്വ. പി. പ്രേംനാഥ്, വൈസ് പ്രസിഡന്റുമാരായ അഡ്വ. എസ്. ശാന്താദേവി, അഡ്വ. വി.പി. കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി അഡ്വ. ടി. റീന വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."