സഊദിയില്‍ നിക്ഷേപകര്‍ക്കുള്ള ബിസിനസ് വിസിറ്റ് വിസ ഇനി 24 മണിക്കൂറിനകം
ജിദ്ദ: സഊദി വിഷന്‍ 2030ന്റെ ഭാഗമായി നിക്ഷേപകരെ സഊദിയിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ബിസിനസ് വിസ 24 മണിക്കൂറിനകം നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം സഊദി അധികൃതര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. നേരത്തെ 30 ദിവസത്തിനകമായിരുന്നു നല്‍കിയിരുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് ഉസ്മാന്‍ നുഗലി അറിയിച്ചു. സ്ഥാപന സന്ദര്‍ശന വിസകള്‍ ഈ ആഴ്ച മുതല്‍ നല്‍കും. സന്ദര്‍ശകരെ ക്ഷണിച്ചു കൊണ്ട് കത്തുകളില്ലാതെ തന്നെ വിസ നല്‍കും. പുതിയ സന്ദര്‍ശന വിസ നടപടികള്‍ സംബന്ധിച്ച് സഊദി എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതിനകം സര്‍ക്കുലര്‍ അയച്ചതായും അദ്ദേഹം പറഞ്ഞു.
പെട്രോളിതര വരുമാനം വര്‍ധിപ്പിക്കാനും വിദേശ നിക്ഷേപകരെ സഊദിയിലേക്കാകര്‍ഷിക്കാനും വേണ്ടിയാണ് 30 ദിവസത്തിനകം നല്‍കിയിരുന്ന ബിസിനസ് വിസ 24 മണിക്കൂറിനകം നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം സഊദി അധികൃതര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. വിദേശ നിക്ഷേപകര്‍ക്ക് ബിസിനസ് വിസിറ്റ് വിസ അനുവദിക്കുന്നത് മൂന്നാം ഗണത്തിലായാണ്. സഊദിയില്‍ വാണിജ്യ സംരംഭമുള്ള വിദേശികള്‍ക്കുള്ള സന്ദര്‍ശന വിസ, ബിസിനസ് പ്രമുഖര്‍ക്കുള്ള സന്ദര്‍ശന വിസ, വാണിജ്യ നിവേദക സംഘങ്ങള്‍ക്കുള്ള സന്ദര്‍ശന വിസ എന്നീ ഗണത്തിലാണ് 24 മണിക്കൂറിനകം വിദേശകാര്യ മന്ത്രാലയം ഓണ്‍ലൈന്‍ വിസ നല്‍കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന് പുറമെ വാണിജ്യം, ആഭ്യന്തരം, തൊഴില്‍, സാമൂഹിക ക്ഷേമം എന്നീ മന്ത്രാലയങ്ങളും സഊദി ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയും സഊദി ചേംബറുകളും ചേര്‍ന്നാണ് വിദേശ നിക്ഷേപം ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ സന്ദര്‍ശന വിസയുടെ ഏറ്റവും വലിയ പ്രത്യേകത ചേംബര്‍ അറ്റസ്‌റ്റേഷന്‍ അവശ്യമില്ല എന്നുള്ളതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."