ബാപ്പു മുസ്‌ലിയാര്‍ സമുദായത്തിന്റെ വര്‍ത്തമാനകാല നവോത്ഥാന നായകന്‍: ഹമീദലി ശിഹാബ് തങ്ങള്‍
വെങ്ങപ്പള്ളി: ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ ചടുലതയോടെ നിര്‍വഹിച്ച് സമസ്തക്കും അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കും ജീവസുറ്റ നേതൃത്വം നല്‍കുകയും സംഘടനാ മികവു കൊണ്ട് വേറിട്ടു നില്‍ക്കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു കോട്ടുമല ബാപ്പു മുസ്‌ലിയാരെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ സംഘടിപ്പിച്ച കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണ പ്രാര്‍ഥനാ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമോന്നത മതപണ്ഡിത സഭയുടെ ഭാരവാഹിയായി കൊണ്ടുതന്നെ എന്‍ജിനീയറിങ് കോളജ് ഉള്‍പ്പെടെയുള്ള ഭൗതിക വിദ്യഭാസത്തിനും ഹജ്ജ് കമ്മിറ്റി, സുപ്രഭാതം ദിനപത്രം ഉള്‍പ്പെടെയുള്ള പൊതുകാര്യങ്ങള്‍ക്കും പ്രവര്‍ത്തിക്കുക വഴി അനുകരണീയ മാതൃകയാണ് ബാപ്പു മുസ്‌ലിയാര്‍ സൃഷ്ടിച്ചത്.
പദവികള്‍ കേവലം അലങ്കാരങ്ങളായി മാറുന്ന വര്‍ത്തമാന കാലത്ത് ബാപ്പു മുസ്‌ലിയാര്‍ ഒരത്ഭുത പ്രതിഭ തന്നെയായിരുന്നുവെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
അക്കാദമി വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി അധ്യക്ഷനായി. സയ്യിദ് ശിഹാബുദ്ദീന്‍ വാഫി, ഇബ്രാഹിം ഫൈസി പേരാല്‍, എ.കെ സുലൈമാന്‍ മൗലവി, ബീരാന്‍ കുട്ടി ബാഖവി, അബ്ദുല്ല ബാഖവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഷിജില്‍ വാഫി, ഹാമിദ് റഹ്മാനി, കുഞ്ഞിമുഹമ്മദ് ദാരിമി, അഷ്‌റഫ് കേളോത്ത് (സോഹാര്‍) സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."