സംസ്ഥാനത്ത് ഒറ്റപ്പെട്ടമഴ തുടരുന്നു; ഡെങ്കിപ്പനി പടരാൻ സാധ്യത, ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചൂണ്ടികാണിച്ചു. ഏത് പനിയും പകര്‍ച്ചപ്പനി ആകാമെന്നതിനാല്‍ സ്വയം ചികിത്സിക്കരുതെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഒറ്റപ്പെട്ട മഴയുടെ പശ്ചാത്തലത്തിൽ പലയിടങ്ങളിലും വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യതയുണ്ട്. അതിനാൽ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ പരത്തുന്ന ഡെങ്കു വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇത്തരം കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. കൊതുകുവഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുകയുള്ളൂ.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. ഇത് അപകടമാണ്. ചെറിയ പനി വന്നാല്‍ പോലും ഡെങ്കിപ്പനിയുടെ ലക്ഷണമെന്നു തോന്നിയാല്‍ ധാരാളം പാനീയങ്ങള്‍ കുടിക്കണം. പനി കുറയുന്നതിനുള്ള മരുന്ന് കൊടുത്തതിന് ശേഷം എത്രയും പെട്ടെന്ന് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക.
പെട്ടെന്നുള്ള കടുത്ത പനിയാണ് ഡെങ്കിപ്പനിയുടെ തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് പെട്ടെന്ന് കുറയാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."