ബി.എസ്.പി ഒറ്റയ്ക്ക് മത്സരിച്ച് ബി.ജെ.പിയെ തറപറ്റിക്കും: മായാവതി
ലഖ്‌നോ: നോട്ടുനിരോധനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ തയാറായിക്കൊള്ളൂവെന്ന് ബി.ജെ.പിക്ക് ബഹുജന്‍ സമാജ് പാര്‍ട്ടി(ബി.എസ്.പി) നേതാവ് മായാവതിയുടെ വെല്ലുവിളി. രാജ്യത്തെ 90 ശതമാനം ജനങ്ങളെയും ദുരിതത്തിലാക്കിയ നടപടിക്ക് ജനങ്ങള്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിനല്‍കാനിരിക്കുകയാണെന്നും ബി.എസ്.പി ഒറ്റയ്ക്കു മത്സരിച്ചു ബി.ജെ.പിയെ തറപറ്റിക്കുമെന്നും മായാവതി അവകാശപ്പെട്ടു.
ലഖ്‌നോയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മായാവതി. നോട്ടുനിരോധനത്തിനു ശേഷം 50 ദിവസം പിന്നിട്ടുകഴിഞ്ഞിട്ടും എത്ര കള്ളപ്പണം തിരിച്ചുപിടിച്ചതായി മോദി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 'അഛാദിന്‍' വാഗ്ദാനത്തിനു ശേഷം 'ബുരേ ദിന്‍' വരുന്നത് ബി.ജെ.പി കാത്തിരുന്നോളൂവെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.
തെരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്കു മത്സരിക്കുമെന്നും ബി.ജെ.പിയെ പരാജയപ്പെടുത്തി മോദി സര്‍ക്കാരിന്റെ ഭരണത്തിനു തിരിച്ചടി നല്‍കാന്‍ തങ്ങള്‍ക്ക് ഒറ്റയ്ക്കാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്. എസ്.പിയും ബി.ജെ.പിയും അടവുതന്ത്രങ്ങളോടെയും പരസ്പര ധാരണയോടെയുമാണു പ്രവര്‍ത്തിക്കുന്നത്-മായാവതി കുറ്റപ്പെടുത്തി.
സഹോദരന്‍ ആനന്ദ് കുമാറിനെതിരേയുള്ള അഴിമതി ആരോപണത്തെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്ത സമയത്താണ് ബി.ജെ.പി തന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന വാണിജ്യ സംരംഭങ്ങളില്‍ കുറ്റം കണ്ടെത്തിയിരിക്കുന്നത്. അനധികൃത പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ടു രണ്ടര വര്‍ഷമായി അവര്‍ ഒന്നും മിണ്ടിയില്ല? തനിക്കെതിരേയുള്ള ബി.ജെ.പിയുടെ ഗൂഢാലോചന ബൂമറാങ്ങായി തിരിച്ചുപതിക്കുമെന്നും അവര്‍ പറഞ്ഞു.
മുന്‍ യു.പി മുഖ്യമന്ത്രിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ജന്മദിനാഘോഷങ്ങള്‍ ലളിതമായി മാത്രം നടത്താന്‍ അവര്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."