ഏറ്റുമാനൂര്‍ എം.സി. റോഡിലെ ഓടകള്‍ക്ക് സ്ലാബിടാന്‍ നിര്‍ദ്ദേശം
കോട്ടയം: എം.സി റോഡ് വികസനവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂര്‍ ഭാഗത്ത് നിര്‍മ്മിച്ചിട്ടുള്ള ഓടകള്‍ പൂര്‍ണമായും അടിയന്തിരമായി സ്ലാബിടാന്‍ കെ.എസ്.ടി.പിക്ക് കര്‍ശന നിര്‍ദ്ദേശം. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ നടന്ന റോഡ് അദാലത്തില്‍ തുറന്ന് കിടക്കുന്ന ഓടകള്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും തുടര്‍ച്ചയായി അപകട ഭീഷണി ഉണ്ടാക്കി വരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ സി.എ.ലത കെ.എസ്.ടി.പി അധികൃതര്‍ക്ക് ഓട അടിയന്തിരമായി മൂടണമെന്ന് നിര്‍ദ്ദേശം നല്‍കിയത്. 60.5 കിലോ മീറ്റര്‍ നീളമുളള ഓടയില്‍ ഏഴ് കിലോമീറ്റര്‍ ഭാഗത്ത് മാത്രം സ്ലാബിടുന്നതിനുളള തുകയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് കെ.എസ്.ടി.പി അധികൃതര്‍ അറിയിച്ചെങ്കിലും മുഴുവന്‍ ഭാഗത്തും സ്ലാബിടണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.
എട്ട് കോടി രൂപയോളം ചിലവു വരുന്ന ഈ പ്രവര്‍ത്തനത്തിന് പൊതുമരാത്ത് വകുപ്പ് സെക്രട്ടറിയുടെ അനുമതി നേടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. റോഡ് വികസനത്തിന്റെ ഭാഗമായി പഴയ ബസ്‌സ്റ്റോപ്പുകള്‍ മാറ്റി പുതിയ ബസ് വേ നിര്‍മ്മിക്കല്‍, വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി.
റോഡ് വികസനത്തിന്റെ അപകാതയുമായി ബന്ധപ്പെട്ട് കെ. സുരേഷ് കുറുപ്പ് എം.എല്‍.എയ്ക്കും ജില്ലാ കലക്ടര്‍ക്കും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അദാലത്ത് നടത്തിയത്. പട്ടിത്താനം ഭാഗത്തെ റൗണ്ടാന അശാസ്ത്രീയമായാണ് നിര്‍മ്മിച്ചിട്ടുളളതെന്ന് പരാതി അദാലത്തില്‍ ലഭിച്ചു. മൂവാറ്റുപുഴയില്‍ നിന്നും എറണാകുളത്തു നിന്നു വരുന്ന വാഹനങ്ങള്‍ക്ക് ഈ ഭാഗത്ത് സ്ഥലപരിമിതി അനുഭവപ്പെടുന്നതായി പരാമര്‍ശിച്ചിട്ടുളള പരാതിയുടെ അടിസ്ഥാനത്തില്‍ വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ തഹസീല്‍ദാരെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.
തൃപ്തികരമായ രീതിയിലല്ല ഏറ്റുമാനൂര്‍ ഭാഗത്ത് കെ.എസ്.ടി.പി റോഡ് വികസനം നടത്തിയിട്ടുളളതെന്ന് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ അദാലത്തില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."