പദ്മാവത്: സംസ്ഥാനങ്ങളുടെ പുനഃപരിശോധനാ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: രജ്പുത് കര്‍ണിസേന ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ എതിര്‍പ്പ് നിലനില്‍ക്കുന്ന ബോളിവുഡ് ചിത്രമായ പദ്മാവതിനെതിരായ വിലക്ക് നീക്കിയ മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെടുന്ന സംസ്ഥാനങ്ങളുടെ ഹരജി സുപ്രിം കോടതി തള്ളി. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളും കര്‍ണി സേനയും നല്‍കിയ ഹരജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് തള്ളിയത്. കോടതി ഉത്തരവ് അനുസരിക്കലാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് ഓര്‍മിപ്പിച്ച ചീഫ്ജസ്റ്റിസിന്റെ ബെഞ്ച്, ചിത്രം നിരോധിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. രാജ്യത്ത് സെന്‍സര്‍ ബോര്‍ഡും അതിനു മുകളില്‍ കോടതിയും ഉണ്ടെന്ന് ജനങ്ങളും സര്‍ക്കാരും മനസിലാക്കണം. അതുകൊണ്ട് സിനിമയ്ക്ക് അനുമതി നല്‍കുന്ന ഉത്തരവ് അനുസരിക്കുകയാണ് നല്ലതെന്നും സുപ്രിം കോടതി ഓര്‍മിപ്പിച്ചു. ചിത്രം ജനങ്ങളോട് കാണരുതെന്ന് ആവശ്യപ്പെടാം. താല്‍പര്യമില്ലാത്തവര്‍ ഇത്തരം സിനിമകള്‍ കാണാതിരിക്കുകയാണ് വേണ്ടത്. എന്നാല്‍ സിനിമയുടെ പ്രദര്‍ശനം തടയാന്‍ കഴിയില്ല- മൂന്നംഗബെഞ്ച് വ്യക്തമാക്കി. നാളെ സിനിമ പുറത്തിറങ്ങാനിരിക്കെ, ചിത്രത്തിന്റെ പ്രദര്‍ശനത്തെ പിന്തുണച്ചുള്ള സുപ്രിം കോടതിയുടെ മൂന്നാമത്തെ വിധിയാണ് ഇന്നലത്തേത്.
ബി.ജെ.പി ഭരണത്തിലുള്ള ആറുസംസ്ഥാനങ്ങളില്‍ ചിത്രം വിലക്കിക്കൊണ്ടുള്ള ഉത്തരവ് ചോദ്യംചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ഈ മാസം 18ന് ചിത്രത്തിനെതിരായ എല്ലാ വിലക്കുകളും പിന്‍വലിച്ച് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അടുത്തദിവസം ചിത്രത്തിന് സെന്‍സര്‍ബോര്‍ഡ് നല്‍കിയ പ്രദര്‍ശനാനുമതി ചോദ്യംചെയ്തുള്ള ഹരജിയും ഇതേ ബെഞ്ച് തള്ളി.
ഇതോടെയാണ് മുന്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രണ്ടുസംസ്ഥാനങ്ങളും ചിത്രത്തിനെതിരേ തുടക്കംമുതല്‍ എതിര്‍പ്പു പ്രകടിപ്പിച്ച കര്‍ണി സേനയും ഹരജി നല്‍കിയത്. ഈ ഹരജിയും പിന്‍വലിച്ചതോടെ പദ്മാവത് പ്രദര്‍ശനം തടയാനുള്ള അവസാനശ്രമവും പാഴായി.
ചിത്രം പ്രദര്‍ശനത്തിനെത്തിയാല്‍ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്ന് ഇന്നലെ ഹരജി പരിഗണിക്കവെ രാജസ്ഥാനും മധ്യപ്രദേശും ചൂണ്ടിക്കാട്ടിയെങ്കിലും, ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സുപ്രിം കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. കേസില്‍ മാര്‍ച്ച് 26നു കൂടുതല്‍ വാദംകേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."