വിദ്യാര്‍ഥികള്‍ക്ക് ജീവിതത്തിലും എ പ്ലസ് നേടിക്കൊടുക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയോടൊപ്പം ജീവിതത്തിലും എ പ്ലസ് നേടിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ വര്‍ഗീയതയും വംശീയതയും മൂലമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയാണ്. ലോകജനത അതിന് പ്രതിരോധം അന്വേഷിക്കുമ്പോള്‍ തുരുത്ത് കാണിച്ചുകൊടുക്കാന്‍ കേരളത്തിന് കഴിയണം. വരുംതലമുറക്കുവേണ്ടിയാണ് മാനവികതയെക്കുറിച്ചുള്ള നമ്മുടെ ഈ ചിന്ത. കേരളത്തില്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാസ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ്.
അധ്യാപകര്‍ പൂര്‍ണ തൃപ്തരായിരിക്കണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. അത് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സംതൃപ്തമായ അധ്യാപക സമൂഹമാണ് ലക്ഷ്യം. അതിനുവേണ്ട നടപടികള്‍ കൈക്കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, അറബിക് സ്‌പെഷല്‍ ഓഫിസര്‍ ഒ. റഹീം, മുന്‍ അറബിക് സ്‌പെഷല്‍ ഓഫിസര്‍ വി.എം സൈനുദ്ദീന്‍, പി.എം ഹമീദ്, പി.കെ യൂസുഫ്, കീലത്ത് അബ്ദുറഹിമാന്‍, ടി.പി ഹാരിസ്, കെ.എസ് അനീസ്, കെ. നൂറുല്‍ അമീന്‍ സംസാരിച്ചു. കെ.എ.ടി.എഫ് ജനറല്‍ സെക്രട്ടറി സി. അബ്ദുല്‍ അസീസ് സ്വാഗതവും എ. അബ്ദുല്‍ ഹകീം നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി സമ്മേളനവും ന്യൂനപക്ഷ അവകാശ സമ്മേളനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."