പൊതുകാനയിലേക്ക് മാലിന്യം ഒഴുക്കിയ മൂന്ന് ലോഡ്ജുകള്‍ക്കെതിരേ നടപടി
ഗുരുവായൂര്‍: പൊതുകാനയിലേക്ക് കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മലിനജലം ഒഴുക്കിവിട്ട നഗരത്തിലെ മൂന്ന് പ്രമുഖ ലോഡ്ജുകള്‍ക്കെതിരെ നഗരസഭ ആരോഗ്യവകുപ്പിന്റെ നടപടി. നക്ഷത്ര ഹോട്ടലായ കൃഷ്ണ ഇന്‍, രമണിക ടൂറിസ്റ്റ് ഹോം, നന്ദിനി ടൂറിസ്റ്റ് ഹോം എന്നീ ലോഡ്ജുകളാണ് മാലിന്യം ഒഴുക്കിവിട്ടത്.
ഈ ഹോട്ടലുകളില്‍ നിന്ന് പൊതുകാനയിലേക്ക് തുറന്നുവെച്ചിരുന്ന ടാപ്പുകള്‍ നഗരസഭ അധികൃതരെത്തി അടച്ചുപൂട്ടി. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കുറ്റം ആവര്‍ത്തിക്കുന്നപക്ഷം നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ലോഡ്ജുകളും കിഴക്കെ നടയില്‍ നഗരസഭ ഓഫിസിന് സമീപത്തുള്ളവയാണ്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മഞ്ജുളാല്‍ ഷോപ്പിങ് കോംപ്ലക്‌സിലെ ശ്രീലക്ഷ്മി ഹോട്ടല്‍ ഇന്നലെ അധികൃതര്‍ അടച്ചുപൂട്ടി. നഗരസഭ പരിധിയില്‍ മഞ്ഞപ്പിത്ത രോഗബാധ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഭക്ഷ്യ വിതരണശൃംഖലകളില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ഹോട്ടലുകള്‍ക്കെതിരെ നടപടി ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസം പ്രമുഖ കാറ്ററിങ് സ്ഥാപനമായ ദ്വാരക കാറ്ററിങ്ങില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടി. കിഴക്കെ നടയിലെ ഭാസുരി ഇന്‍, പടിഞ്ഞാറെ നടയിലെ നാഷണല്‍ പാരഡൈസ് എന്നിവിടങ്ങളില്‍ നിന്നും മനുഷ്യോപയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അമ്പതോളം വരുന്ന ഹോട്ടലുകളിലും മുപ്പതോളം ശീതപാനീയ സ്ഥാപനങ്ങളിലും പന്ത്രണ്ടോളം കാറ്ററിങ്ങ് സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിനെ തുടര്‍ന്ന് ന്യൂനതകള്‍ കണ്ടെത്തിയിരുന്നു.
ഗുരുതരമായ പ്രശ്‌നങ്ങളുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ്. ലക്ഷ്മണന്‍, ഇന്‍സ്‌പെക്ടര്‍ പോള്‍ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാജീവന്‍, ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."