ദയാവധം: അംഗീകാരം വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍
ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനും സംവാദത്തിനും ശേഷമാണ് നിഷ്‌ക്രിയ ദയാവധം നിയമമാക്കി ഇന്നലെ സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്. 2002ല്‍ പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ വന്നതോടെയാണ് ദയാവധം സജീവചര്‍ച്ചയായത്.
അന്നത് ആരോഗ്യമന്ത്രാലയം പരിശോധിച്ചെങ്കിലും പിന്നീടത് പിന്തുടര്‍ന്നില്ല. 2006ല്‍ ദയാവധം നിയമമാക്കാന്‍ ശുപാര്‍ശചെയ്യുന്ന നിയമകമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ നാലുവര്‍ഷത്തിനു ശേഷം വിഷയം വീണ്ടും സജീവമാക്കി. എന്നാല്‍, ദയാവധം വൈദ്യരംഗത്തെ ധാര്‍മികതയ്ക്ക് എതിരാണെന്നും അതു കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങള്‍ക്കായി ദുരുപയോഗം ചെയ്‌തേക്കാമെന്നും അഭിപ്രായമുയര്‍ന്നതോടെ ദയാവധം നിയമമാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറി.
മുംബൈയില്‍ കൂട്ടബലാത്സംഗത്തിനിരയായി തലച്ചോര്‍ മരവിച്ച് ശരീരം തളര്‍ന്നുകിടക്കുകയായിരുന്ന അരുണാ ഷാന്‍ബാഗ് എന്ന നഴ്‌സിനെ ദയാവധത്തിനിരയാക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ 2011ല്‍ സുപ്രിംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിത്തുടങ്ങിയത്. രോഗിയെ ദയാവധം നടത്തുന്നതിനു മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയമ കമ്മിഷനെ ചുമതലയേല്‍പ്പിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തെത്തുടര്‍ന്ന് 2015 ജൂണില്‍ കമ്മിഷന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായവും സര്‍ക്കാര്‍ തേടി. അരുണാ ഷാന്‍ബാഗ് കേസില്‍ 2011ല്‍ രണ്ടംഗ സുപ്രിംകോടതി ബെഞ്ച് ആദ്യം ദയാവധത്തിന് അനുകൂലമായി നിലപാടെടുത്തെങ്കിലും പിന്നീട് മൂന്നംഗ ബെഞ്ച് പഴയ വിധിയെ അസാധുവാക്കുകയായിരുന്നു.
ഇതിനിടെ കോമണ്‍കോസിന്റെ ഹരജിയും സുപ്രിംകോടതിയിലെത്തി. ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ മരിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നും മാരകരോഗങ്ങള്‍ പിടിപെട്ട് വേദനതിന്നു ജീവിക്കുന്നവരെ മരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കോമണ്‍കോസ് പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. വേദനയില്‍നിന്നും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ചുള്ള പീഡനത്തില്‍നിന്നും മുക്തി നേടണമെന്ന് ഒരാള്‍ക്ക് ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ജീവിക്കാനുള്ള അവകാശം എന്നത് മരിക്കാനുള്ള അവകാശം കൂടിയാണ്. ഒരുനിലയ്ക്കും തിരിച്ചുവരില്ലെന്ന് ഉറപ്പായ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയുസ് നീട്ടിക്കൊടുത്ത് ജീവിപ്പിക്കേണ്ടതില്ല. കൃത്രിമമായ ഉപകരണങ്ങളിലൂടെ ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്നത് ആ വ്യക്തിയുടെ ശരീരത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും ഹരജിക്കാര്‍ വാദിച്ചു.
2014ലാണ് കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നവരെയും ഭേദപ്പെടുത്താനാവാത്ത വിധത്തില്‍ രോഗബാധിതരായവരെ പോലും ദയാവധത്തിനു അനുവദിക്കാനാവില്ലെന്ന സുപ്രിംകോടതിയുടെ നേരത്തെയുള്ള വിധിയില്‍ പൊരുത്തക്കേടുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറിയത്. കടുത്ത വ്യവസ്ഥകളോടെ ദയാവധം ആവാമെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയുംചെയ്തു.
മാരകമായ രോഗം പിടിപെട്ട്, ഇനിയൊരിക്കലും ആരോഗ്യജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഒരാളുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിര്‍ത്തുന്നതിനോടു യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നല്‍കുന്ന നിയമം കൊണ്ടുവരാന്‍ തയാറാണെന്നും കേന്ദ്രസര്‍ക്കാര്‍ ഒക്ടോബര്‍ 11ന് വാദിച്ചതിനാല്‍ വിധിപറയാനായി കേസ് മാറ്റിവയ്ക്കുകയായിരുന്നു.
ദയാവധം സംബന്ധിച്ച് ഇതിനു മുമ്പും സുപ്രിംകോടതിയില്‍ ഹരജി എത്തിയിരുന്നുവെങ്കിലും ജീവിക്കാനുള്ള അവകാശം പോലെയല്ല മരിക്കാനുള്ള അവകാശം എന്നു വ്യക്തമാക്കി 1996ല്‍ ദയാവധം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയായിരുന്നു അഞ്ചംഗഭരണഘടനാ ബെഞ്ച് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."