കോഴിയിറച്ചി വില താഴോട്ട്; നിര്‍ദേശം പാലിക്കാതെ ഹോട്ടലുകള്‍
കൊച്ചി: സംസ്ഥാനത്ത് കോഴിയിറച്ചി വില ദിവസംതോറും കുറയുന്നു. കോഴിയിറച്ചി വിപണിയില്‍ ഇന്നലെ കിലോയ്ക്ക് 75 ഉം ഇറച്ചി കിലോയ്ക്ക് 140 രൂപയുമാണ് വില.
കഴിഞ്ഞ ഒരുമാസത്തിനിടയ്ക്കാണ് കോഴിഇറച്ചി വിലയില്‍ ഗണ്യമായ ഇടിവുണ്ടായത്. വരും ദിവസങ്ങളിലും വിലകുറയുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ ഹോട്ടലുകളില്‍ കോഴി ഇറച്ചി വിഭവങ്ങളുടെ വിലയില്‍ കാര്യമായ മാറ്റമില്ല.
കോഴി ഇറച്ചിയുടെ വിലയില്‍ മാറ്റമുണ്ടാകുന്ന സമയങ്ങളില്‍ വിഭവങ്ങളുടെ വിലയിലും മാറ്റമുണ്ടാകണമെന്ന ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് ഉടമകളുടെ നിര്‍ദേശവും വാഴ് വാക്കാവുകയാണ്.
ഏതാണ്ട് മുപ്പത് ശതമാനത്തോളം ഹോട്ടലുകളാണ് ഈ തീരുമാനം നടപ്പില്‍ വരുത്തിയത്. തമിഴ്നാട്ടിലും കേരളത്തിലും ഇറച്ചിക്കോഴിയുടെ ഉല്പാദനം കൂടിയതും ക്രൈസ്തവര്‍ക്ക് നോമ്പുകാലം ആരംഭിച്ചതുമാണ് വില കുറയാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. വിലക്കുറവുണ്ടായിട്ടും കോഴി ഇറച്ചിക്കാരുടെ ആവശ്യത്തിലും വര്‍ധനവുണ്ടായിട്ടില്ല.
നേരത്തെ അഞ്ച് പെട്ടി കോഴികള്‍ ഓരോ ദിവസവും ഇറക്കിയിരുന്നിടത്ത് ഇപ്പോള്‍ രണ്ടുപെട്ടികള്‍ മാത്രമാണ് ഇറക്കുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
നോട്ടുനിരോധനവും ജി.എസ്.ടിയും കച്ചവടത്തെ സാരമായി ബാധിച്ചിരുന്നു. വിപണി വിലയിലുണ്ടാവുന്ന ഇടിവ് കോഴിക്കടകളിലെ തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള സാഹചര്യവും ഉണ്ടാകുമെന്നും കട ഉടമകള്‍ പറയുന്നു.
ഒരുമാസം മുമ്പ് കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന കോഴിയിറച്ചിയാണ് 75 രൂപയിലെത്തിയത്. ഇനിയും വില കുറയുകയാണെങ്കില്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്നും വ്യാപാരികള്‍ പറയുന്നു.
അതേസമയം വില കുറഞ്ഞതിനെ തുടര്‍ന്ന് ചിക്കന്‍ ബ്രോസ്റ്റ് പോലുള്ള വിഭവങ്ങള്‍ ഫുള്ളിനൊപ്പം ഹാഫ് ഫ്രീ ആയിട്ട് നല്‍കുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."