മലയാളം മുറുകെപ്പിടിച്ച മുനവ്വിറിനു റാങ്കിന്റെ തിളക്കം
കണ്ണൂര്‍: ആരോഗ്യത്തിന്റെ സേവനപാതയിലേക്കു മുനവ്വിര്‍ നടന്നുകയറുന്നത് നന്മ മലയാളത്തിന്റെ കൈപിടിച്ച്. ഉന്നതപഠനത്തിന്റെ ഒരുവഴിയിലും മാതൃഭാഷ കൈവിടാതെയാണു മുനവ്വിര്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്. കഴിഞ്ഞതവണ നഷ്ടപ്പെട്ട മെഡിക്കല്‍ പ്രവേശന യോഗ്യത തിരിച്ചുപിടിച്ചതിന്റെ ഇരട്ടിസന്തോഷത്തിലായിരുന്നു സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് ഒന്നാംറാങ്ക് ജേതാവ് കോയ്യോട് ബൈത്തുസലാമില്‍ വി.വി മുഹമ്മദ് മുനവ്വിര്‍.
എസ്.എസ്.എല്‍.സിവരെ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം മീഡിയത്തില്‍ പഠിച്ച മുനവ്വിര്‍ അതേസ്‌കൂളില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ ശേഷമാണു മെഡിക്കല്‍ എന്‍ട്രന്‍സ് യോഗ്യതയ്ക്കായി തയാറെടുപ്പ് തുടങ്ങിയത്. കണ്ണൂരിലെ കോച്ചിങ്‌സെന്ററില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി പരീക്ഷയെഴുതിയ മുനവ്വിറിനു മെഡിക്കല്‍ എന്‍ട്രന്‍സില്‍ കഴിഞ്ഞതവണ 1144ാം റാങ്കായിരുന്നു. ഇതിനുപുറമെ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയും ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സ് (എയിംസ്) എന്‍ട്രന്‍സ് പരീക്ഷയും മുനവ്വിര്‍ എഴുതിയിരുന്നു. എന്നാല്‍ ആദ്യതവണ എഴുതിയ പരീക്ഷകളില്‍ മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശനയോഗ്യത മുനവ്വിറിനു ലഭിച്ചിരുന്നില്ല.
തുടര്‍ന്നു കോട്ടയം പാലാ ബ്രില്യന്റ് സ്റ്റഡിസെന്ററില്‍ പരിശീലനത്തിനു ചേരുകയായിരുന്നു. മികച്ച മാര്‍ക്കോടെയാണു പ്ലസ്ടു പരീക്ഷയും മുനവ്വിര്‍ പാസായത്. ഇത്തവണ എയിംസ് പ്രവേശനം ലഭിക്കുകയാണെങ്കില്‍ കേരളത്തിനുപുറത്തു പഠനം നടത്താനാണു താല്‍പര്യം. എയിംസ് പ്രവേശനം ലഭിച്ചില്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേരുമെന്നു മുനവ്വിര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം മെഡിക്കല്‍ യോഗ്യത ലഭിക്കാതിരുന്നപ്പോള്‍ തളര്‍ന്നു പിന്‍മാറുകയായിരുന്നില്ല മുനവ്വിര്‍; പകരം കടുത്ത വാശിയോടെ പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നുവെന്നു മക്രേരി വില്ലേജ് ഓഫിസിലെ സ്‌പെഷല്‍ വില്ലേജ് ഓഫിസറായ പിതാവ് പി.പി.മുഹമ്മദലിയും പയ്യാമ്പലം ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപികയായ മാതാവ് നദീറബീവിയും പറഞ്ഞു. പെരളശ്ശേരി എ.കെ.ജി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഇക്കുറി എല്ലാ വിഷയത്തിലും എ പ്ലസോടെ എസ്.എസ്.എല്‍.സി പാസായ സഹോദരി ആയിഷത്തു മുബഷിറയും പഠനത്തില്‍ മുനവ്വിറിനോടു മത്സരിക്കാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."