ആയിരങ്ങള്‍ക്ക് അറിവുപകര്‍ന്ന കുമരംപുത്തൂര്‍ ഉസ്താദ് ഇനി സമസ്തയുടെ അധ്യക്ഷ പദവിയില്‍
ഇസ്മാഈല്‍ അരിമ്പ്ര
മലപ്പുറം: വൈജ്ഞാനിക രംഗത്തെ ആഴവും സൂക്ഷമതയും ജീവിതചര്യയാക്കിയ സമുന്നത ഇസ്ലാമിക പണ്ഡിതന് കുമരംപുത്തൂര്‍ എ. പി മുഹമ്മദ് മുസ്ലിയാര് ഇനി സമസ്തയുടെ അധ്യക്ഷ പദവിയില്‍. ആനക്കര സി. കോയക്കുട്ടി മുസ്്ലിയാരുടെ പിന്‍ഗാമിയായി അധ്യക്ഷ പദവിയിലെത്തിയ കുമരംപൂത്തൂര്‍ സമസ്തയുടെ പത്താമത്തെ പ്രസിഡന്റാണ്.
പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍ പള്ളിക്കുന്ന സ്വദേശിയായ എ.പി മുഹമ്മദ് മുസ്ലിയാര് നാട്ടില്‍നിന്നു പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം, പിതൃസഹോദരന് ബീരാന്‍കുട്ടി മുസ്്ലിയാര്‍, ഭാര്യാപിതാവ് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്ലിയാര്, പോത്തന് അബ്ദുല്ല മുസ്ലിയാര്, മണ്ണാര്‍ക്കാട് കുഞ്ഞായിന്‍ മുസ്ലിയാര് എന്നിവരുടെ കീഴില്‍ ദര്‍സ് പഠനം നടത്തി. സമസ്തയുടെ നേതൃത്വത്തിലുള്ള ഉന്നത മതകലാലയമായ ജാമിഅ നൂരിയ്യയുടെ ആദ്യ സനദ്ദാന സമ്മേളനത്തില്‍ സനദ് സ്വീകരിച്ച ഫൈസി പണ്ഡിതന്‍കൂടിയാണ് എ.പി ഉസ്താദ്.
1963ല്‍ ജാമിഅയുടെ പ്രഥമ മുഖ്തസര്‍ ബാച്ചിലാണ് എ.പി മുഹമ്മദ് മുസ്ലിയാര് പ്രവേശനം നേടിയത്. ആ വര്‍ഷത്തെ മുതവ്വല്‍ ബാച്ചിലെയും ഇദ്ദേഹമുള്പ്പട്ട രണ്ടാമത്തെ മുതവ്വല്‍ ബാച്ചുമാണ് പ്രഥമ സനദ്ദാന സമ്മേളനത്തില്‍ സനദ് സ്വീകരിച്ചത്. ശംസുല്‍ ഉലമാ, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്, താഴക്കോട് കുഞ്ഞലവി മുസ്ലിയാര് തുടങ്ങിയവരായിരുന്നു ജാമിഅ നൂരിയയ്യില് ഉസ്താദുമാര്‍. ബിരുദ പഠത്തിനു ശേഷം വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്ത ഇദ്ദേഹം കൊളജ് സ്ഥാപക നേതാവായ ബാഫഖി തങ്ങളുടെ നിര്‍ദേശപ്രകാരം 1971 മുതല്‍ ജാമിഅയില്തന്നെ അഞ്ചു വര്‍ഷം മുദരിസായി. വിവിധ ദര്‍സുകളില്‍ പിന്നീട് അധ്യാപനം നടത്തിയ ശേഷം രണ്ടു പതിറ്റാണ്ടിലേറെയായി ജാമിഅയില്‍ അധ്യാപകനും ഇപ്പോള്‍ വൈസ് പ്രിന്‍സിപ്പലുമായി തുടരുന്നു.
ആദര്‍ശ രംഗത്തെ കണിശമായ നിലപാടുകളുടെ പ്രതീകമാണ് എ.പി മുഹമ്മദ് മുസ്ലിയാര്. മതജ്ഞാനത്തിലെ അഗാധപാണ്ഡിത്യം മുന്‍നിര്‍ത്തി തഹ്ഖീഖുള്ള പണ്ഡിതനെന്നു പ്രസിദ്ധ സൂഫീവര്യന്‍ കണ്യാല മൗല വിശേഷിപ്പിച്ചിരുന്നു. 1995ല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായ എ.പി ഉസ്താദ് 2012 മുതല്‍ ഉപാധ്യക്ഷനായി തുടരുന്നു. സമസ്ത ഫത്വാ കമ്മിറ്റി, പാഠപുസ്തക സമിതി എന്നിവയിലും നേതൃത്വം നല്കുന്നു. സമസ്ത കേരളാ മദ്റസാ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റാണ്. സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, നാട്ടുകല്‍ ഇമാം നവവി ഇസ്ലാമിക് കോംപ്ലക്സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങളും വഹിക്കുന്നു
സമസ്ത കേരളാ ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരാണ് സമസ്തയുടെ പുതിയ വൈസ് പ്രസിഡന്റ്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ പി.കെ.പി, പിതാവ് കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെ തെക്കുംപാട് ജുമാമസ്ജിദ് പള്ളിദര്‍സില്‍ നിന്നാണ് പഠനം ആരംഭിച്ചത്. പുതിയങ്ങാടി ഹൈസ്കൂളില്‍നിന്ന് ഇ.എസ്.എസ്.എല്‍.സി പാസായി. വെല്ലൂര്‍ ബാഖിയാത്തില്‍നിന്നു ബാഖവി ബിരുദവും നേടി. 1994 മുതല്‍ മുശാവറ അംഗമായി.
കെ.ടി മാനു മുസ്ലിയാരുടെ വിയോഗത്തെ തുടര്‍ന്ന് എസ്.കെ.ഐ.എം.വി ബോര്‍ഡ് ജനറല്‍ സെക്രട്ടറിയും ടി.കെ.എം ബാവ മുസ്്ലിയാരുടെ വിയോഗത്തെ തുടര്‍ന്നു പ്രസിഡന്റുമായും തെരഞ്ഞെടുക്കപ്പെട്ടു. പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ പ്രിന്‍സിപ്പലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."