കുറ്റ്യാടിയില്‍ കൂട്ടുകാരോടൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പ്ലസ്വണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
കുറ്റ്യാടി: കൂട്ടുകാരോടൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ പ്ലസ്വണ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. മൊകേരിയിലെ ആനോറേമ്മല്‍ പ്ലാത്തറ സാബുറിന്ഷ ദമ്പതികളുടെ മകന് വിഷ്ണു എന്ന അജയ്ഘോഷ് (16) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ വട്ടോളി കൈതപ്പൊയില്‍ കനാല്‍ ഭാഗത്താണ് സംഭവം.
കൂട്ടുകാരായ ആനോറേമ്മല്‍ ശ്രാവണ്‍കുമാര്‍, രതിന് എന്നിവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ ശക്തമായ അടിയൊഴുക്കിലും പായല്‍ നിറഞ്ഞതുമായ ഭാഗത്തും പെട്ട വിഷ്ണുവിന് നീന്താന്‍ സാധിച്ചില്ല. വിഷ്ണു വെള്ളത്തിലായതോടെ ഒന്നിച്ചുണ്ടായിരുന്നവരുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരും മറ്റും വിഷ്ണുവിനെ കരക്ക് കയറ്റി കുറ്റ്യാടി ഗവ: താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്താം ക്ലാസ് വരെ വിദേശത്ത് പഠിച്ച വിഷ്ണു നിലവില്‍ വടകര ഗോകുലം പബ്ലിക് സ്കൂളിലാണ് പ്ലസ് വണ്‍ പഠനം നടത്തിവന്നിരുന്നത്. രക്ഷപ്പെട്ട ശ്രാവണിനെയും രതിനിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃതദേഹം കുറ്റ്യാടി ഗവ: താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വീട്ടു വളപ്പില്‍ നടക്കും. സച്ചു സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."