കോഴിക്കോട്ടുപറമ്പ് മിനിസ്റ്റേഡിയം വികസനത്തിന് ഭരണാനുമതി
മങ്കട: കോഴിക്കോട്ടുപറമ്പ് മിനിസ്റ്റേഡിയം വികസനത്തിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്കി ഉത്തരവിട്ടു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ.യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പതിനഞ്ച് ലക്ഷം രൂപയാണ് സ്റ്റേഡിയം വികസനത്തിന് അനുവദിച്ചിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ തയാറാക്കിയ പ്ലാനിലും എസ്റ്റിമേറ്റിലും നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 2015ലാണ് കോഴിക്കോട്ട്പറമ്പ് മിനി സ്റ്റേഡിയത്തിന് ജനകീയ കൂട്ടായ്മ രൂപീകരിച്ച് രംഗത്തെത്തിയത്. സ്ഥലം കണ്ടെത്തി നല്‍കിയതിനെ തുടര്‍ന്ന് മങ്കട പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിനായി ഏറ്റെടുക്കുകയായിരുന്നു. സ്ഥലം നിരപ്പാക്കിയിട്ടുണ്ടെങ്കിലും കളിക്ക് അനുയോജ്യമായി മാറ്റുന്നതിന് ഒട്ടേറെ പ്രവൃത്തികള്‍ ഇനിയും നടത്തേണ്ടതുണ്ട്. സൈഡ് കെട്ടല്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കാണ് മണ്ഡല ആസ്തി വികസന ഫണ്ടില്‍നിന്നും തുക അനുവദിച്ചിട്ടുള്ളത്.
സാങ്കേതിക അനുമതി കൂടി ലഭ്യമാക്കിയാല്‍ വികസന പ്രവര്‍ത്തികള്‍ ആരംഭിക്കാനാകും. ജില്ലാ പഞ്ചായത്ത് എല്‍.എസ്.ജി.ഡി വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്കാണ് പ്രവൃത്തികളുടെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."