കീഴാറ്റൂരില്‍ സി.പി.എമ്മിന്റെ നാടുകാവല്‍ സമരം
തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ക്കെതിരേ സി.പി.എമ്മിന്റെ നാടുകാവല്‍ സമരം. ഇന്നലെ വൈകുന്നേരം 4.30ന് കീഴാറ്റൂര്‍ ഇ.എം.എസ് സ്മാരക വായനശാലക്കു സമീപത്തുനിന്ന് കീഴാറ്റൂര്‍ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ചാണ് പ്രശ്‌നത്തില്‍ സി.പി.എം ഒരുമുഴം മുന്‍പേ എറിഞ്ഞത്. വയല്‍ക്കിളികളുടെ സമരത്തിന് പിന്തുണയുമായി ഇന്ന് കീഴാറ്റൂരിലേക്ക് ജനകീയ മാര്‍ച്ച് ഉള്‍പ്പെടെ നടക്കാനിരിക്കെയാണ് സി.പി.എമ്മിന്റെ നാടുകാവല്‍ സമരം.
ഇന്നലെ വൈകുന്നേരം 4.30ന് പ്രകടനം ആരംഭിക്കുന്നതിന് മുന്‍പ് യോഗം ചേര്‍ന്ന് കണ്‍വീനറായി പ്രാദേശിക നേതാക്കളായ പുല്ലായിക്കൊടി ചന്ദ്രനെ കണ്‍വീനറായും ടി. ബാലകൃഷ്ണനെ ചെയര്‍മാനായും തെരഞ്ഞെടുത്തു.
പ്രകടനമായി പ്രവര്‍ത്തകര്‍ കീഴാറ്റൂര്‍ വയലിലെത്തി സ്ഥലം വിട്ടുനല്‍കിയവരുടെ സ്ഥലത്ത് കൊടിനാട്ടി. അഖിലേന്ത്യാ കിസാന്‍ സഭയുടെ പേരിലുള്ള കൊടികളും സി.പി.എം കൊടികളുമാണ് വയലില്‍ സ്ഥാപിച്ചത്. വയലില്‍ സര്‍വേ നടത്തിയ സ്ഥലത്ത് ഭൂമി വിട്ടുനല്‍കാന്‍ തയാറായ ഉടമകളുടെ പേരെഴുതിയ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. സ്ഥലം വിട്ടു നല്‍കാനുള്ള അവരുടെ സമ്മതവും രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ പാതയ്ക്കുള്ള സ്ഥലം ചുവന്ന റിബണ്‍ കെട്ടി അടയാളപ്പെടുത്തുകയും ചെയ്തു. പിന്നീട് അവിടെ നിന്നും സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ഗോവിന്ദന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.കെ രാഗേഷ് എം.പി, പി.കെ ശ്രീമതി എം.പി, ജയിംസ് മാത്യു എം.എല്‍.എ, പി. മുകുന്ദന്‍, കെ. സന്തോഷ്, കെ. മുരളീധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രകടനമായി തളിപ്പറമ്പ് ടൗണില്‍ എത്തി.
ടൗണ്‍ സ്‌ക്വയറില്‍ പൊതുയോഗവും നടന്നു. സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."